ഭോപ്പാൽ: മധ്യപ്രദേശിൽ കോണ്ഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു. ബദ മൽഹേര മണ്ഡലത്തിലെ എംഎൽഎ ആയ പ്രദ്ധ്യമാൻ സിംഗ്‌ ലോധിയാണ് കോൺഗ്രസ് വിട്ടത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിൽ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചു. 

സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ചെയർമാനായി ലോധിയെ സംസ്ഥാന സർക്കാർ നിയമിച്ചു. കഴിഞ്ഞ മാർച്ചിൽ ജ്യോതിരദിത്യ സിന്ധ്യക്ക് ഒപ്പം 22 എംഎൽഎമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. സംസ്ഥാനത്ത് കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആറ് കോൺഗ്രസ് എംഎൽഎമാർ കൂടി പാർട്ടി വിടുമെന്ന് റിപ്പോർട്ടുകളുണ്ട്.

രാജസ്ഥാനിൽ കോൺഗ്രസ് രണ്ട് ചേരിയിലായി. അശോക് ഗെഹ്ലോട്ടുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സച്ചിൻ പൈലറ്റ് തുറന്ന പോരിലേക്ക് നീങ്ങുകയാണ്. നാളെ ഗവർണറെ കാണുമെന്ന് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. രാവിലെ 10.20 യ്ക്ക് നിയമസഭാ കക്ഷി യോഗം ഗെഹ്ലോട്ട് വിളിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് സച്ചിൻ.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ഭൂരിപക്ഷം നഷ്മായെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. തനിക്കൊപ്പം 30 എംഎൽഎമാർ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയിലുള്ള സച്ചിൻ, ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തി. പൈലറ്റിനെ അവഗണിക്കുന്ന കോൺഗ്രസ് നിലപാട് ദുഖകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.