ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ വൈകിയതിനെ ഡൽഹി ഹൈക്കോടതി ചോദ്യം ചെയ്തു. യാത്രക്കാർക്ക് പണം തിരികെ നൽകാനും നഷ്ടപരിഹാരത്തിനും ഡിജിസിഎ ഇടപെടണമെന്ന് കോടതി നിർദ്ദേശിച്ചു.

ദില്ലി :ഇൻഡിഗോ വിമാന സർവ്വീസ് തടസ്സങ്ങളുടെ ഒമ്പതാം ദിവസം. ഏകദേശം 220 വിമാനങ്ങൾ റദ്ദാക്കി. ഡൽഹിയെയും ബെംഗളൂരുവിനെയുമാണ് ഏറ്റവുമധികം ബാധിച്ചത്. ദില്ലിയിൽ നിന്നുള്ള 137 വിമാനങ്ങൾ റദ്ദാക്കിയതായാണ് വിവരം. 

കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി.

ഇൻഡി​ഗോ വിമാന സർവീസ് പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി. പ്രതിസന്ധി രൂക്ഷമാകും വരെ കേന്ദ്രസർക്കാർ ഇടപെടാൻ വൈകിയതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഈ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കില്ലേ എന്നും, മറ്റു വിമാനക്കമ്പനികൾ നാൽപ്പതിനായിരം രൂപ വരെ ടിക്കറ്റിന് ഈടാക്കുന്ന സാഹചര്യം ഉണ്ടായതെങ്ങനെയെന്നും കോടതി ഇൻഡിഗോയോട് ചോദിച്ചു. കൂടാതെ യാത്രക്കാർക്ക് പണം തിരിച്ചു നൽകുന്ന നടപടി കാര്യക്ഷമമാക്കണമെന്നും നഷ്ടപരിഹാരത്തിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇടപെടണം എന്നും കോടതി വ്യക്തമാക്കി. പ്രതിസന്ധിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.

ഇതിനിടെ ഇൻഡിഗോ വിമാന കമ്പനിക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാനമന്ത്രി രാംമോഹൻ നായിഡു രംഗത്തെത്തി. ആവശ്യമെങ്കിൽ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനെ മാറ്റുന്നത് അടക്കമുള്ള കടുത്ത നിർദ്ദേശങ്ങൾ കമ്പനിക്ക് നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. പ്രതിസന്ധിയിൽ ഡിജിസിഎയുടെ പങ്ക് അന്വേഷിക്കുമെന്നും കേന്ദ്രം സൂചന നൽകി. ഇൻഡിഗോ മനഃപൂർവം പ്രതിസന്ധി ഉണ്ടാക്കിയെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ഇൻഡിഗോയുടെ പത്തു ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ സർക്കാർ ഉത്തരവ് നൽകിയിരുന്നു.

പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ മാറ്റം നടപ്പാക്കാൻ ആയിരം പൈലറ്റുമാരെയെങ്കിലും കൂടുതൽ നിയമിക്കേണ്ട സ്ഥാനത്ത്, ഈ വർഷം മാർച്ച് മുതൽ ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണത്തിൽ മൂന്ന് ശതമാനം കുറവ് വരുത്തിയെന്ന കണക്കുകൾ പുറത്തുവന്നിരുന്നു. പ്രതിദിനം 200 സർവീസുകൾ വരെ കുറച്ചുകൊണ്ടുള്ള ഇൻഡിഗോയുടെ പുതുക്കിയ ഷെഡ്യൂൾ ഉടൻ സർക്കാരിന് സമർപ്പിക്കും. ഈ സർവീസുകൾ എയർ ഇന്ത്യ അടക്കമുള്ള മറ്റ് വിമാന കമ്പനികൾക്ക് കൈമാറും. പുതിയ വിമാനക്കമ്പനികൾക്ക് അനുമതി നൽകാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും അധികൃതർ അറിയിച്ചു.