രാഷ്ട്രീയ പ്രവർത്തനവും സ്വകാര്യ ജീവിതവും എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിഡ്ഢികളായ കുറേപേരാണ് ഇതിന് പിന്നിലെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് നയന ട്വിറ്ററിൽ കുറിച്ചു

ബെംഗളൂരു: കർണാടകയിൽ ഉജ്ജ്വല വിജയം നേടിയ കോൺഗ്രസ് പാർട്ടി സർക്കാർ രൂപീകരണമടക്കം പൂർത്തിയാക്കിക്കഴിഞ്ഞു. അതിനിടയിലാണ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ശക്തമായ സൈബർ ആക്രമണം നേരിടുന്നുവെന്ന പരാതിയുമായി കോൺഗ്രസിലെ യുവ എം എൽ എ രംഗത്തെത്തിയത്. മുദിഗെരെ മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറിയ നയന ജാഹറിനെതിരെയാണ് സൈബർ ആക്രമണം ശക്തമായിരിക്കുന്നത്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് നയന രംഗത്തെത്തുകയും ചെയ്തു.

പരാജയപ്പെട്ടവരുടെ മോഹഭംഗമാണ് ഇത്തരം സൈബർ ആക്രമണത്തിന് പിന്നിലെന്നും തന്നെ ഇതിലൂടെയൊന്നും തളർത്താനാകില്ലെന്നും അവർ വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തനവും സ്വകാര്യ ജീവിതവും എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിഡ്ഢികളായ കുറേപേരാണ് ഇതിന് പിന്നിലെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് നയന ട്വിറ്ററിൽ കുറിച്ചു. ഇത്തരം സൈബർ ആക്രമണങ്ങളെ എങ്ങനെ നേരിടണമെന്ന് തനിക്കറിയാമെന്നും അവർ കൂട്ടിച്ചേർത്തു. 43കാരിയായ നയന കർണാടക നിയമസഭയിൽ കോൺഗ്രസിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എം എൽ എയാണ്. ബിജെപിയുടെ ദീപക് ദൊദ്ദയ്യയെയാണ് മുദിഗെരെ മണ്ഡലത്തിൽ നയന പരാജയപ്പെടുത്തിയത്.

'തൊലിക്കട്ടി' പോസ്റ്റ് തിരിച്ചടിച്ചു, വിമ‌ർശനം ശക്തമായി; പിൻവലിച്ച് ബൽറാം, ഒപ്പം വിശദീകരണവും

Scroll to load tweet…

അതേസമയം ഇന്ന് ഉച്ചയ്ക്ക് ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയം തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷി നിർത്തിയാണ് കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റത്. കർണാടകയുടെ 24 -ാമത് മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്കും ഡി കെ ശിവകുമാറിനും പുറമെ എട്ട് മന്ത്രിമാരാണ് കർണാടകയില്‍ ഇന്ന് അധികാരമേറ്റത്. ജി പരമേശ്വര കെ എച്ച് മുനിയപ്പ, മലയാളി കെ ജെ ജോർജ്, എം ബി പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി. സമീർ അഹമ്മദ് ഖാൻ എന്നിവരാണ് മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

YouTube video player