"പാർട്ടിയുടെ ഭാഗത്ത് നിന്നും അവഗണന ഉണ്ടായത് മുതൽ ഞാൻ ഈ തീരുമാനമെടുത്തതാണ്. പാർട്ടി വിടുന്നതിൽ ഒരു തെറ്റും കാണുന്നില്ല" രാധാകൃഷ്ണണ വിഘെ പാട്ടീൽ പറഞ്ഞു

മുംബൈ: മഹാരാഷ്ട്രയിൽ കോണ്‍ഗ്രസിന് കടുത്ത തിരിച്ചടി നൽകി കൂടുതൽ എംഎൽഎമാർ പാർട്ടി വിടാനൊരുങ്ങുന്നു. ബിജെപി പ്രവേശനത്തിന് മുന്നോടിയായി മുൻ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഘെ പാ‍ട്ടീൽ എംഎൽഎ സ്ഥാനം രാജിവെച്ചു. പത്ത് എംഎൽഎമാർ കോണ്‍ഗ്രസ് വിടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

"പാർട്ടിയുടെ ഭാഗത്ത് നിന്നും അവഗണന ഉണ്ടായത് മുതൽ ഞാൻ ഈ തീരുമാനമെടുത്തതാണ്.ലോക്സഭാ പ്രചരണത്തിനും സഹകരിച്ചിരുന്നില്ല. പാർട്ടി വിടുന്നതിൽ ഒരു തെറ്റും കാണുന്നില്ല" രാധാകൃഷ്ണ വിഘെ പാട്ടീൽ പറഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ കൂടുതൽ പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ് കോണ്‍ഗ്രസ്. പാർട്ടി വിട്ട മുതിർന്ന നേതാവ് രാധാകൃഷ്ണ വിഘെ പാ‍ട്ടീൽ ഇന്ന് എംഎൽഎ സ്ഥാനം രാജിവച്ചു. രാധാകൃഷ്ണ വിഘെ പാട്ടീൽ ഔദ്യോഗികമായി ബിജെപിയിൽ ചേരും.

ഉടൻ നടക്കുന്ന പുനസംഘടനയിൽ വിഘെ പാട്ടീലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ മകന് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് പാട്ടീൽ കോണ്‍ഗ്രസ് വിട്ടത്. വിഘെ പാട്ടീലിന് പിന്നാലെ ഒൻപത് എംഎൽഎമാരെ കൂടി ഒപ്പം കൂട്ടാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.

ഇതിൽ നാല് പേർ കോണ്‍ഗ്രസുമായി അകൽച്ചയിലാണ്. ബിജെപി നീക്കങ്ങൾ വിജയിച്ചാൽ കോണ്‍ഗ്രസിന്‍റെ നിയമസഭയിലെ അംഗസംഖ്യ 42ൽ നിന്നും 32ആയി കുറയും. കോണ്‍ഗ്രസിനെക്കാൾ വലിയ കക്ഷിയായി സഖ്യത്തിൽ എൻസിപി മാറും. തെരഞ്ഞെടുപ്പ് വരെ പ്രതിപക്ഷ നേതൃസ്ഥാനവും എൻസിപിക്ക് നൽകാൻ കോണ്‍ഗ്രസ് നിർബന്ധിതമാകും.