Asianet News MalayalamAsianet News Malayalam

ഗവർണർ ഇടപെട്ടു; രാജി വെച്ച എംഎൽഎയുമായി പൊലീസ് രാജ്ഭവനിലേക്ക്

പ്രതിഷേധങ്ങൾക്കൊടുവിൽ വിധാൻ സൗധയിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ പിൻവലിച്ചു. സംഘർഷത്തെത്തുടന്ന് അടച്ച വാതിലുകളും തുറന്നു

congress mla sudhakar to rajbhavan in police protection, karnataka drama continuing
Author
Bengaluru, First Published Jul 10, 2019, 7:38 PM IST

ബെംഗലുരു: കർണാടകയിൽ രാജിവെച്ച കോൺഗ്രസ് എംഎൽഎ സുധാകറിനെ ഗവർണറുടെ നിർദേശ പ്രകാരം പെലീസെത്തി കൊണ്ടു പോയി. രാജ്ഭവനിൽ എത്തിക്കാനാണ് പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം കിട്ടിയിരിക്കുന്നത്.  മന്ത്രി കെജെ ജോർജിന്‍റെ മുറിയിൽ നിന്നുമാണ് സുധാകറിനെ കൊണ്ടുപോയത്.

രാജി വച്ച കോൺഗ്രസ്‌ എംഎൽഎമാരായ കെ സുധാകറിനെയും എംടിബി നാഗരാജിനെയും അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമം നടത്തിയിരുന്നു. കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ട് റാവു സുധാകറിനെ കാണുകയും ചെയ്തു. രാജി വയ്ക്കാനെത്തിയ സുധാകറിനെ കോൺഗ്രസ്‌ നേതാക്കൾ ബലമായി പിടിച്ചുകൊണ്ടു പോവുകയും ചെയ്തിരുന്നു.

തുടർന്നുണ്ടായ നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ പിസിസി അധ്യക്ഷന്‍റെ നേതൃത്വത്തിൽ വിധാൻ സൗധയുടെ എല്ലാ കവാടങ്ങളും അടയ്ക്കുകയും മാധ്യമങ്ങളെ സൗധയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ, ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ വിധാൻ സൗധയിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ പിൻവലിച്ചു. മാധ്യമ പ്രവർത്തകരെ വിധാൻ സൗധയ്ക്ക് അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.

അതേ സമയം മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഡികെ ശിവകുമാറിനെ രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം വിട്ടയച്ചു. എംഎൽഎമാരെ കാണാൻ ആഗ്രഹമുണ്ടെങ്കിലും തത്കാലം മുംബൈ പൊലീസ് നിർദ്ദേശിച്ച പ്രകാരം ബെംഗളുരുവിലേക്ക് മടങ്ങുമെന്ന് ഡികെ ശിവകുമാർ പറഞ്ഞു.

എന്നാൽ, വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ കൃത്യമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്ന് കർണാടക സ്പീക്കർ രമേശ് കുമാർ പറഞ്ഞു. ബിജെപി തിടുക്കം കാണിക്കുന്നത് പോലെ തീരുമാനം കൈക്കൊള്ളാൻ കഴിയില്ല. നിയമപരമായേ മുന്നോട്ട് പോകൂ. നാളെയും എത്ര പേർ രാജിക്കത്തുമായി വന്നാലും സ്വീകരിക്കുമെന്നും സ്പീക്കർ രമേശ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എംഎൽഎമാരെ ഈ മാസം 17 ന് കാണുമെന്നും സ്പീക്കർ പറഞ്ഞു. കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഇന്ന് ഗവര്‍ണറെ കണ്ടിരുന്നു. 16 എംഎൽഎമാരുടെ രാജിയോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നാണ് ബിജെപി നേതാക്കൾ ഗവര്‍ണര്‍ വാജുഭായി വാലക്ക് നൽകിയ നിവേദനത്തിൽ പറയുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ പുറത്താക്കാൻ തയ്യാറാകണമെന്ന് ബിഎസ് യദ്യൂരപ്പ ആവശ്യപ്പെട്ടു. 

വിശ്വാസ വോട്ടെടുപ്പിന്‍റെ പ്രശ്നം പോലും ഉദിക്കുന്നില്ലെന്ന് ബിഎസ് യദ്യൂരപ്പ പറഞ്ഞു. കുമാര സ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് പോലും ബിജെപി ഇപ്പോൾ ആവശ്യപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. വിമതരുടെ രാജിയിൽ ഉടൻ തീരുമാനമെടുക്കാൻ സ്പീക്കറോട് ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് കൂടിയാണ് ബിജെപി നേതാക്കൾ ഗവര്‍ണറെ കണ്ടത്.

Follow Us:
Download App:
  • android
  • ios