ഭോപ്പാല്‍: ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍ മധ്യപ്രദേശില്‍ കാലുകുത്തിയാല്‍ ജീവനോടെ കത്തിക്കുമെന്ന് ഭീഷണി മുഴക്കി മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ. ബയോറ എംഎല്‍എ ഗോവര്‍ധന്‍ ദാംഗിയാണ് ഭോപ്പാല്‍ എംപിയായ പ്രഗ്യക്ക് താക്കീത് നല്‍കിയത്.

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ചതിന് പിന്നാലെയാണ് പ്രഗ്യക്കെതിരെ ദാംഗി ഭീഷണി മുഴക്കിയത്. എസ്പിജി നിയമഭേദഗതി ബില്ലിന്‍റെ ചര്‍ച്ചക്കിടെയാണ് പാര്‍ലമെന്‍റില്‍ പ്രഗ്യാ സിംഗ് തന്‍റെ വിവാദ നിലപാട് ആവര്‍ത്തിച്ചത്. ഗോഡ്സെ എന്തിനാണ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് എന്ന് വിശദീകരിക്കാന്‍ ശ്രമിച്ച ഡിഎംകെ അംഗം എ രാജയുടെ പ്രസംഗത്തിനിടെയാണ് എതിര്‍പ്പുമായി പ്രഗ്യ രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ പ്രഗ്യയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കി. തുടര്‍ന്ന് പ്രഗ്യക്കെതിരെ ശാസനാ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.