ചിന്ദ്വാര ജില്ലയിലെ നവേഗാവിൽ നടന്ന പൊതുയോഗത്തിലാണ് നകുൽനാഥിന്‍റെ പ്രതികരണം.

ഭോപ്പാൽ: മധ്യപ്രദേശിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് കമൽനാഥ് ബിജെപിയിലേക്കെന്ന അഭ്യൂഹത്തിനിടെ നിലപാട് വ്യക്തമാക്കി മകൻ നകുൽനാഥ് എംപി. താനോ പിതാവ് കമൽനാഥോ ബിജെപിയിൽ ചേരാൻ പോകുന്നിലെന്നാണ് നകുൽനാഥ് പറഞ്ഞത്. 

അടുത്ത ഒന്നര മാസത്തിനകം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. താനും കമൽനാഥും ബിജെപിയിലേക്ക് പോകുന്നുവെന്ന് ബിജെപിക്കാർ തന്നെ കിംവദന്തി പരത്തുകയാണെന്ന് നകുൽ നാഥ് പറഞ്ഞു. എന്നാൽ കമൽനാഥോ താനോ ബിജെപിയിൽ ചേരാൻ പോകുന്നില്ലെന്നാണ് നകുൽനാഥ് വ്യക്തമാക്കിയത്. ചിന്ദ്വാര ജില്ലയിലെ നവേഗാവിൽ നടന്ന പൊതുയോഗത്തിലാണ് നകുൽനാഥിന്‍റെ പ്രതികരണം.

നേരത്തെ കമൽനാഥും ബിജെപിയിലേക്കെന്ന അഭ്യൂഹം തള്ളിയിരുന്നു.നിങ്ങള്‍ ഇക്കാര്യം എപ്പോഴെങ്കിലും എന്‍റെ വായിൽ നിന്ന് കേട്ടിട്ടുണ്ടോ എന്നായിരുന്നു കമൽനാഥിന്‍റെ പ്രതികരണം. നിങ്ങൾ (മാധ്യമങ്ങൾ) ഇത് പറയുന്നു, മറ്റാരുമല്ല ഇത് പറയുന്നത് എന്നും കമൽനാഥ് പ്രതികരിച്ചു. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മകന് പിന്തുണ തേടി കമൽനാഥ് പൊതുജന സമ്പർക്ക പരിപാടി ആരംഭിച്ചിട്ടുണ്ട്.താൻ ജനങ്ങളുടെ മേൽ ഒന്നും അടിച്ചേൽപ്പിക്കില്ലെന്നും അവർ ആഗ്രഹിക്കുന്നുവെങ്കിൽ മാറിനിൽക്കാൻ തയ്യാറാണെന്നും കമൽനാഥ് പറഞ്ഞു.

“എത്രയോ വർഷങ്ങളായി നിങ്ങൾ എനിക്ക് സ്നേഹവും വിശ്വാസവും നൽകി. നിങ്ങൾക്ക് കമൽനാഥിനോട് വിട പറയണമെങ്കിൽ, അത് നിങ്ങളുടെ ഇഷ്ടമാണ്. ഞാൻ വിടപറയാൻ തയ്യാറാണ്. അടിച്ചേൽപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് നിങ്ങളുടെ തീരുമാനത്തിൻ്റെ കാര്യമാണ്”- ചൗരായ് നിയമസഭാ മണ്ഡലത്തിലെ ചാന്ദ് ബ്ലോക്കിൽ നടന്ന ഒരു പരിപാടിയിൽ കമൽനാഥ് പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ 29 ലോക്‌സഭാ സീറ്റുകളിൽ 28ഉം ബിജെപി നേടിയപ്പോൾ കമൽനാഥ് കുടുംബത്തിൻ്റെ കോട്ടയായ ചിന്ദ്വാര മണ്ഡലം മാത്രമാണ് കോൺഗ്രസിന് നിലനിർത്താനായത്. ഈ സീറ്റ് നിലനിർത്തേണ്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാനപ്രശ്നമാണ്. എന്നാൽ ഈ സീറ്റ് കൂടി പിടിച്ചെടുക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.