Asianet News MalayalamAsianet News Malayalam

മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

ലോക്സഭയിലെ കോണ്‍ഗ്രസിന്‍റെ നേതാവായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ഗുല്‍ബാര്‍ഗാ മണ്ഡലത്തില്‍ തോല്‍ക്കുകയായിരുന്നു. നിലവില്‍ മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് ഖാര്‍ഗെ.

Congress nominates Mallikarjun Kharge as Rajya Sabha candidate
Author
Bengaluru, First Published Jun 5, 2020, 5:08 PM IST

ബെംഗളൂരു: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതുവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കര്‍ണാടകയില്‍ നിന്നുള്ള പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നോമിനേറ്റ് ചെയ്തു. ലോക്സഭയിലെ കോണ്‍ഗ്രസിന്‍റെ നേതാവായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ഗുല്‍ബാര്‍ഗാ മണ്ഡലത്തില്‍ തോല്‍ക്കുകയായിരുന്നു.

നിലവില്‍ മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് ഖാര്‍ഗെ. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചതായി പാര്‍ട്ടി വ്യക്തമാക്കി. ജൂണ്‍ 19നാണ് കര്‍ണാടകയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം, രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ  ഗുജറാത്തിൽ എംഎൽഎമാരുടെ രാജി കോൺഗ്രസിന് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്.

അക്ഷയ് പട്ടേൽ, ജീത്തു ചൗധരി എന്നീ എംഎൽഎമാരാണ് കോൺഗ്രസിൽ നിന്ന് ഏറ്റവുമൊടുവിൽ രാജിവച്ചത്. മാർച്ചിൽ അഞ്ച് എംഎൽഎമാർ രാജിവച്ചിരുന്നു.  182 അംഗ നിയമസഭയിൽ 103 എംഎൽഎമാരുള്ള ബിജെപിക്ക് രണ്ട് സീറ്റുകളിൽ സ്ഥാനാർഥികളെ അനായാസം ജയിപ്പിക്കാനാവും.

മൂന്നാമത്തെ സീറ്റിലും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. 66 എംഎൽഎമാരുള്ള കോൺഗ്രസിന് ഒരാളെ ജയിപ്പിക്കാമെങ്കിലും രണ്ടാമത്തെ വിജയം ബുദ്ധിമുട്ടായിരിക്കുകയാണ്. കുറഞ്ഞത് 34 എംഎൽഎമാരുടെ പിന്തുണയാണ് നിലവിൽ ഒരു സ്ഥാനാർഥിയെ ജയിപ്പിക്കാൻ വേണ്ടിവരിക.

Follow Us:
Download App:
  • android
  • ios