ചെന്നൈ: നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ്. മതേതര നിലപാടുള്ള കമൽഹാസന് കോൺഗ്രസിന് ഒപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് കോൺഗ്രസ് തമിഴ്നാട് അധ്യക്ഷൻ കെ എസ് അളഗിരി പ്രതികരിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് വിജയിക്കാൻ കമൽഹാസന് കഴിയില്ല, ഒരേ മനസുള്ളവർ ജനങ്ങൾക്കായി ഒരുമിച്ച് നിൽക്കണമെന്നും യുപിഎയിലേക്ക് ക്ഷണിച്ച് കൊണ്ട് അളഗിരി പറഞ്ഞു. 

 കോണ്‍ഗ്രസിന്‍റെ ക്ഷണം കമല്‍ഹാസന്‍ നിരസിച്ചിട്ടില്ല. നേരത്തെ നടി ഖുശ്ബു പാർട്ടി വിട്ട് ബിജെപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് തമിഴ്നാട്ടിൽ കോൺഗ്രസിന് ക്ഷീണമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കമൽഹാസനെ സഖ്യത്തിന് ക്ഷണിച്ചതെന്നതും ശ്രദ്ധേയമാണ്. ഖുശ്ബു പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന്‍റെ ഭിന്നത കാരണമെന്ന നിലപാടിലാണ് ഡിഎംകെ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെുപ്പില്‍ നഗരമേഖലകളില്‍ നല്ല മുന്നേറ്റം നടത്തിയ കമലിനെ ഒപ്പമെത്തിച്ചാല്‍ സഖ്യത്തിലെ ഭിന്നതകള്‍ വഴിമാറുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

കമൽ- രജനീകാന്തുമായി പുതിയ സഖ്യനീക്കക്കൾക്ക് ശ്രമിക്കുന്നതിനിടയിലാണ് കോൺഗ്രസ് ക്ഷണമെന്നത് ശ്രദ്ധേയമാണ്. രജനീകാന്തിന്‍റെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയനുമായി മക്കള്‍ നീതി മയ്യം നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും പാര്‍ട്ടിയെ നയിക്കുകയാണ് ദൗത്യമെന്നും രജനീകാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ആശയപരമായി രണ്ട് നിലപാടെങ്കിലും കമലിനൊപ്പം കൈകോര്‍ക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് രജനീകാന്തിന്. വെള്ളിത്തിരയിലെ വന്‍ ഹിറ്റ് സഖ്യം രാഷ്ട്രീയത്തില്‍ വിജയമാകും എന്ന കണക്കൂകൂട്ടലിലാണ് ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്.