Asianet News MalayalamAsianet News Malayalam

ഹിമാചലിൽ ഓപ്പറേഷൻ ലോട്ടസ് മുന്നിൽ കണ്ട് കോണ്‍ഗ്രസ്: ഫലസൂചനകൾ അനുകൂലമായാൽ എംഎൽഎമാരെ മാറ്റും

ഹിമാചൽ പ്രദേശിലും ഗുജറാത്തിലും ഇന്ന് രാവിലെ എട്ട് മണി മുതലാണ് വോട്ടുകൾ എണ്ണി തുടങ്ങുക.  ഉച്ചയ്ക്ക് മുൻപ് തന്നെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. ഹിമാചലിൽ 68 മണ്ഡലങ്ങളിലായി ആകെ 412 സ്ഥാനാർത്ഥികൾ ആണ് മത്സരിക്കുന്നത്.

Congress prepares to take care of Operation Lotus
Author
First Published Dec 8, 2022, 7:18 AM IST

ദില്ലി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ഫലം അൽപസമയത്തിനകം പുറത്തു വരാനിരിക്കെ കോണ്‍ഗ്രസ് ക്യാംപിൽ ആലോചനകൾ ശക്തം. രണ്ട് സംസ്ഥാനങ്ങളിലും എന്തെങ്കിലും രീതിയിൽ അനുകൂലമായ ട്രെൻഡ് ഉണ്ടാവുന്ന പക്ഷം എംഎൽഎമാരെ റിസോര്‍ട്ടിലേക്കോ രാജസ്ഥാനിലേക്കോ മാറ്റാനാണ് ഹൈക്കമാൻഡിൻ്റെ ആലോചന. 

ഹിമാചലിൽ കരുതലോടെ നീങ്ങാൻ എഐസിസി നിർദ്ദേശം നൽകിയിട്ടുണ്ട്. ഫലം അനുകൂലമെങ്കിൽ എംഎൽഎമാരെ സംസ്ഥാനത്ത് നിന്ന് മാറ്റും. രാജസ്ഥാനിലെയോ, ഛത്തീസ്‍ഗഢിലെയോ റിസോർട്ടിലേക്ക് മാറ്റും. വിജയാഘോഷങ്ങളിൽ പങ്കെടുക്കാൻ നിൽക്കരുതെന്നും നേതാക്കൾക്ക് നിർദേശമുണ്ട്. 

ജയിച്ച് വരുന്നവരെ രാജസ്ഥാനിലേക്ക് മാറ്റാൻ ഗുജറാത്ത് പിസിസി തീരുമാനിച്ചിട്ടുണ്ട്. ബിജെപിക്ക് ഭൂരിപക്ഷത്തിലേക്കെത്താനാവില്ലെന്ന സൂചന കിട്ടിയാൽ ദ്രുതഗതിയിൽ നടപടിയെടുക്കാനാണ് പിസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിലെ ധാരണ.എം എൽ എമാരെ ചാക്കിട്ട് പിടിക്കുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ ആപ്പുമായി അടക്കം സഖ്യമുണ്ടാക്കാനും കോണ്‍ഗ്രസ് ശ്രമിക്കും.

ഹിമാചൽ പ്രദേശിലും ഗുജറാത്തിലും ഇന്ന് രാവിലെ എട്ട് മണി മുതലാണ് വോട്ടുകൾ എണ്ണി തുടങ്ങുക.  ഉച്ചയ്ക്ക് മുൻപ് തന്നെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. ഹിമാചലിൽ 68 മണ്ഡലങ്ങളിലായി ആകെ 412 സ്ഥാനാർത്ഥികൾ ആണ് മത്സരിക്കുന്നത്. കാൽ നൂറ്റാണ്ടായി ആർക്കും ഭരണ തുടർച്ച നൽകാത്ത സംസ്ഥാനത്ത് ബിജെപി കോൺഗ്രസ് നേർക്കുനേർ പോരാട്ടം ആണ് നടക്കുന്നത്. ബിജെപി അധികാരം തുടരും എന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. 

 ഗുജറാത്തിൽ 182 സീറ്റുകളാണ് ആകെയുള്ളത്.  33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി തയ്യാറാക്കിയിട്ടുണ്ട്.  ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക.  182 ഒബ്സർവർമാർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളിൽ തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുക. മൂന്ന് നിര സുരക്ഷാ ക്രമീകരണങ്ങളും ഓരോ കേന്ദ്രത്തിലും ഏർപ്പെടുത്തും. മൂന്ന് പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഒരു തവണ കൂടി ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. എന്നാൽ ഭരണ വിരുദ്ധ വികാരം തുണയ്ക്കുമെന്ന പ്രതീക്ഷ കോൺഗ്രസ് ക്യാമ്പിനുമുണ്ട്. ആംആദ്മി പാർട്ടി എന്ത് സ്വാധീനമാണ് ഇത്തവണ ഉണ്ടാക്കുന്നതെന്നും കണ്ടറിയേണ്ടി വരും. 

Follow Us:
Download App:
  • android
  • ios