പതിവ് രീതികളും നിലവിലെ സാഹചര്യങ്ങളും പാര്‍ട്ടിക്ക് ഗുണകരമാകില്ല. പാർട്ടിയിൽ പരിഷ്‌കരണ ചിന്തകൾ അടിയന്തിരമായി ആവശ്യമാണെന്നും കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു

ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് പിന്തുണ അറിയിച്ച് എംപിയും എഐസിസി അംഗവുമായ കാര്‍ത്തി ചിദംബരം. ട്വിറ്ററിലൂടെ പരസ്യ പിന്തുണയാണ് കാര്‍ത്തി അറിയിച്ചിട്ടുള്ളത്. ശശി തരൂരിന്‍റെ പ്രായോഗികമായ ചിന്താഗതിയും പാർട്ടിക്ക് അതീതമായ വ്യക്തിത്വവും ബിജെപിയുടെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനെതിരെ മുതല്‍ക്കൂട്ടാകുമെന്ന് കാര്‍ത്തി ചിദംബരം പറഞ്ഞു.

പതിവ് രീതികളും നിലവിലെ സാഹചര്യങ്ങളും പാര്‍ട്ടിക്ക് ഗുണകരമാകില്ല. പാർട്ടിയിൽ പരിഷ്‌കരണ ചിന്തകൾ അടിയന്തിരമായി ആവശ്യമാണെന്നും കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂര്‍ പ്രചരണത്തിന്‍റെ ഭാഗമായി മുംബൈയിലെത്തി. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് നേതാക്കളുടെ വലിയ സ്വീകരണമാണ് ലഭിച്ചതെങ്കില്‍ തരൂരിനെ സ്വീകരിക്കാന്‍ വിരലിലെണ്ണാവുന്ന കുറച്ചു പേർ മാത്രമാണ് എത്തിയത്.

താൻ സാധാരണക്കാരന്‍റെ പ്രതിനിധിയാണ്. നേതാക്കളാരും സ്വീകരിക്കാനെത്താത്തത് കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിബന്ധനകൾ ലംഘിക്കപ്പെടുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. തെരത്തെടുപ്പ് സമിതിയെ സമീപിച്ച് പരാതി നൽകി. മറുപടി ഇതുവരെ കിട്ടിയിട്ടില്ല. നേതൃതലത്തിലുള്ളവരുടെ പിന്തുണ ഉണ്ടാകില്ലെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും തരൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൂടുതല്‍ പിസിസികള്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് പിന്തുണ അറിയിച്ചതിലുള്ള കടുത്ത അതൃപ്തി ശശി തരൂര്‍ പരസ്യമായി തന്നെ പ്രകടിപ്പിച്ചു. പരസ്യ നിലപാടിന് പിന്നില്‍ എഐസിസിയാണെന്നതിന് തെളിവ് കിട്ടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്ന് എഐസിസി ആവര്‍ത്തിക്കുമ്പോള്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ശശി തരൂര്‍ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് എത്തിയപ്പോഴും നേതാക്കള്‍ ആരും എത്തിയില്ല. ഇന്നലെ തമിഴ്നാട്ടിലും ഇത് തന്നെയായിരുന്നു സ്ഥിതി. എന്നാല്‍, നിരവധി സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇരുസംസ്ഥാനങ്ങളിലും തരൂരിനെ പിന്തുണച്ച് എത്തിയിരുന്നു. 

തെരഞ്ഞെടുപ്പ് ചട്ടലംഘനം: 'കേരളത്തിനെതിരെ തരൂര്‍ പരാതി നൽകിയിട്ടില്ല': മധുസൂദൻ മിസ്ത്രി