ദില്ലി: അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെ പകരം ആളെ കണ്ടെത്താനാകാതെ പ്രതിസന്ധി രൂക്ഷമായി കോൺഗ്രസ്. പ്രവര്‍ത്തക സമിതി പോലും ചേരാനാകാത്ത അവസ്ഥയിലാണ് ദേശീയ കോൺഗ്രസ് നേതൃത്വം. കര്‍ണ്ണാടകയിൽ സര്‍ക്കാര്‍ പ്രതിസന്ധിയിലായതോടെ നേതാക്കളുടെ ശ്രദ്ധ അവിടേക്കായി.  ഒന്നിന് പിന്നാലെ ഒന്നെന്ന പോലെ പ്രതിസന്ധികൾ തുടരുന്ന സാഹചര്യത്തിൽ ലോക്സഭാ സമ്മേളനം കഴിഞ്ഞുമതി പ്രവര്‍ത്തക സമിതിയോഗം എന്ന ധാരണയിലാണ് കോൺഗ്രസ് നേതൃത്വം. 

അതിനിടെ മുതിര്‍ന്ന നേതാക്കളാരെങ്കിലും പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണോ അതോ യുവ നേതൃത്വം വരണോ എന്ന കാര്യത്തിലും അഭിപ്രായ വ്യത്യാസം തുടരുകയാണ്. തമ്മിലടി രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്തെക്ക് പകരക്കാരനെ കണ്ടെത്താനുള്ള അനൗദ്യോഗിക ചര്‍ച്ച പോലും നടക്കാത്ത അവസ്ഥയിലുമാണ് കോൺഗ്രസ്. 

ഇതിനിടെയാണ് പ്രിയങ്കഗാന്ധി  നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവുമായി മുന്‍ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത് നേരത്തെ സോണിയാഗാന്ധിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് സോണിയ വ്യക്തമാക്കിയിരുന്നു. അധ്യക്ഷനാരെന്ന് നേരത്തെ തീരുമാനിച്ച് പ്രവര്‍ത്തക സമിതിയിൽ പ്രഖ്യാപിക്കണമെന്നാണ്  രാഹുല്‍ഗാന്ധി നേതാക്കള്‍ക്ക്  നല്‍കിയിരിക്കുന്ന  നിര്‍ദ്ദേശം.