ദില്ലി: കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് ദില്ലി രാംലീല മൈതാനിയിൽ കോൺഗ്രസ്സിന്‍റെ റാലി. പൗരത്വ ഭേദഗതി ബിൽ, സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ, സ്ത്രീസുരക്ഷ, വിലക്കയറ്റം, കര്‍ഷക പ്രശ്നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങൾ ഉയർത്തികാട്ടിയാണ് പ്രതിഷേധം. ലോക്സഭ തെരഞ്ഞെടുപ്പോടെ തണുപ്പന്‍ മട്ടിലായ പാര്‍ട്ടിയെ ഉണര്‍ത്താനും ദില്ലി തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കുകയുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. റാലിക്കുള്ള ഒരുക്കങ്ങൾ രാംലീലാ മൈതാനത്ത് പൂർത്തിയായി. 

കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളെല്ലാം റാലിയില്‍ അണിനിരക്കും. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ റാലിയുടെ മുന്‍നിരയിലുണ്ടാകും. പരമാവധി പ്രവര്‍ത്തകരെയും നേതാക്കളെയുമെല്ലാം അണിനിരത്തി കേന്ദ്രത്തിന് ശക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം.