ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടുക എന്ന ലക്ഷ്യത്തോടെ പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ കലണ്ടര്‍ പുറത്തിറക്കി കോണ്‍ഗ്രസ്. പ്രിയങ്കയുടെ ചിത്രങ്ങള്‍ വരുന്ന പേജുകളുള്ള പത്ത് ലക്ഷം കലണ്ടറുകളാണ് യുപിയില്‍ വിതരണം ചെയ്യാനാണ് ഒരുങ്ങുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക എത്തുമെന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയിലാണ് കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത് എന്നുള്ളതാണ് ശ്രദ്ധേയം.

എഐസിസി 10 ലക്ഷം കലണ്ടറുകളാണ് യുപിയിലേക്ക് അയച്ചത്. വെള്ളിയാഴ്ച മുതല്‍ ഇത് വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സോന്‍ഭദ്ര കൂട്ടുക്കൊലയില്‍ ഇരയായവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് ആദ്യ പേജിലുള്ളത്.

കൂടാതെ ഉജ്ജയ്‌നിലെ മഹകാല്‍ ക്ഷേത്രത്തില്‍ പൂജ നടത്തുന്നത്, ലക്‌നൗവിലെ ഗാന്ധി ജയന്തി ദിനത്തില്‍ പങ്കെടുക്കുന്നത്, വാരാണസിയിലെ രവിദാസ് ജയന്തിയില്‍ പങ്കെടുക്കുന്നത്, ഹാഥ്‌റസ് ഇരയുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്, തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നത് തുടങ്ങിയ ചിത്രങ്ങളും വിവിധ പേജുകളിലായുണ്ട്.

പാര്‍ട്ടിയെ അടിത്തട്ടില്‍ ശക്തിപ്പെടുത്തുന്നതിനായി ജനുവരി മൂന്ന് മുതല്‍ 25 വരെ യുപിയില്‍ കോണ്‍ഗ്രസ് പ്രത്യേക ക്യാമ്പയിന്‍ നടത്തുന്നുണ്ട്. എഐസിസി സെക്രട്ടറിമാര്‍ അടക്കം എണ്‍പതില്‍ അധികം മുതിര്‍ന്ന നേതാക്കളായ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനം നടത്തുന്നത്.