ദില്ലി: 2013ല്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയുടെ ട്വീറ്റ് ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍ നിന്ന് ഇരു സൈന്യവും പിന്മാറാനുള്ള തീരുമാനത്തെ തുടര്‍ന്ന് നരേന്ദ്ര മോദി നടത്തിയ പ്രതികരണമാണ് സുര്‍ജേവാല ഓര്‍മ്മിപ്പച്ചത്. മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂരും രംഗത്തെത്തി. 'ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറുന്നത് മനസ്സിലാക്കാം. എന്നാല്‍, എന്തിനാണ് ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങുന്നത്' എന്നായിരുന്നു 2013ല്‍ ഇരു സേനകളും പിന്‍മാറാനുള്ള ധാരണയുണ്ടായപ്പോള്‍ മോദി ട്വീറ്റ് ചെയ്തത്. 

ഇപ്പോള്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു സേനകളും പിന്മാറുന്ന സാഹചര്യത്തിലാണ് സുര്‍ജേവാല പഴയ ട്വീറ്റ് പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പച്ചത്. 
'ബഹുമാനപ്പെട്ട പ്രധാനമന്ത്രി, അങ്ങയുടെ അന്നത്തെ വാക്കുകള്‍ ഓര്‍മ്മയുണ്ടോ. അന്ന് ആ വാക്കുകള്‍ക്ക് എന്തെങ്കിലും അര്‍ത്ഥം നല്‍കിയിരുന്നോ. ഇപ്പോള്‍ നമ്മുടെ മണ്ണില്‍ നിന്ന് സേന പിന്മാറുന്നതെന്തിനെന്ന് വ്യക്തമാക്കാമോ, രാജ്യം അതിനുള്ള ഉത്തരം തേടുകയാണ്'-എന്നായിരുന്നു സുര്‍ജേവാലയുടെ ചോദ്യം. പിന്നാലെ ശശി തരൂരും രംഗത്തെത്തി. ഈ വിഷയത്തില്‍ ഞാന്‍ മോദിജിക്കൊപ്പമാണ്. സുര്‍ജേവാലയുടെ ചോദ്യത്തിന് പ്രധാനമന്ത്രി മരുപടി പറയണമെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. 

ശനിയാഴ്ചയാണ് ചൈനീസ് സൈന്യം ഗല്‍വാന്‍ മേഖലയില്‍ നിന്ന് പിന്മാറ്റം തുടങ്ങിയത്.  രണ്ട് കിലോമീറ്ററോളം ചൈന പിന്‍വാങ്ങിയെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ധാരണപ്രകാരം ഇന്ത്യന്‍ സൈന്യവും പിന്‍വാങ്ങിയിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.