''മുസ്ലീങ്ങളോ മുഹമ്മദലി ജിന്നയോ കാരണമല്ല വിഭജനം സംഭവിച്ചത്. അക്കാലത്ത് മുസ്ലീങ്ങളില്‍ നവാബുമാര്‍ക്കും ബിരുദധാരികള്‍ക്കും മാത്രമാണ് വോട്ടവകാശമുണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും മാത്രമാണ് വിഭജനത്തില്‍ ഉത്തരവാദിത്തം''. 

മൊറാദാബാദ്: ഇന്ത്യാ വിഭജനത്തിന് (Partition) ഉത്തരവാദികള്‍ കോണ്‍ഗ്രസാണെന്ന് (Congress) എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി(AIMIM chief Asaduddin Owaisi). പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്. മുസ്ലീങ്ങളോ മുഹമ്മദലി ജിന്നയോ (Jinnah) കാരണമല്ല വിഭജനം സംഭവിച്ചത്. അക്കാലത്ത് മുസ്ലീങ്ങളില്‍ നവാബുമാര്‍ക്കും ബിരുദധാരികള്‍ക്കും മാത്രമാണ് വോട്ടവകാശമുണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും മാത്രമാണ് വിഭജനത്തില്‍ ഉത്തരവാദിത്തം. ഇക്കാര്യത്തില്‍ ആര്‍എസ്എസ്, ബിജെപി, സമാജ് വാദി പാര്‍ട്ടി എന്നിവരെ താന്‍ വെല്ലുവിളിക്കുകയാണെന്നും ഒവൈസി പറഞ്ഞു. 

കസ്ഗഞ്ചില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തെയും ഒവൈസി വിമര്‍ശിച്ചു. 2.5 അടി ഉയരം മാത്രമുള്ള പൈപ്പില്‍ മകന്‍ തൂങ്ങിമരിക്കാന്‍ സാധ്യതയില്ലെന്ന് അല്‍താഫിന്റെ പിതാവ് എന്നോട് പറഞ്ഞു. കസ്ഗഞ്ച് പൊലീസ് അവനെ കൊലപ്പെടുത്തിയതാണ്. ചോദ്യം ചെയ്യാനല്ല, കൊലപ്പെടുത്താനാണ് വിളിച്ചു വരുത്തിയതെന്നും ഒവൈസി ആരോപിച്ചു. കഴിഞ്ഞ ദിവസം സുഹെല്‍ദേവ് ഭാരതീയ സമാജ് വാദി പാര്‍ട്ടി നേതാന് ഒപി രാജ്ഭര്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു. മുഹമ്മദലി ജിന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ വിഭജനം സംഭവിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

വിഭജനത്തില്‍ അദ്ദേഹം ആര്‍എസ്എസിനെ കുറ്റപ്പെടുത്തുകയും ചെയ്തു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പിയുടെ സഖ്യകക്ഷിയാണ് സുഹെല്‍ദേവ് ഭാരതീയ സമാജ് വാദി പാര്‍ട്ടി.