ട്വിറ്ററിലെ കോണ്‍ഗ്രസ് ബിജെപി യുദ്ധത്തിലേക്ക് അല്‍പ്പം നര്‍മ്മവും. കൊവിഡ്, ചൈന രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് വിഷയങ്ങളില്‍ ഇരുമുന്നണികളും തമ്മില്‍ ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ട് വഴിയുള്ള ആക്രമണങ്ങള്‍ക്കിടെ അല്‍പ്പം തമാശയും കലര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെയും കാണ്‍ഗ്രസിനെയും നേരിടാന്‍ ബിജെപിയുടെ വര്‍ക്ക് ഫ്രം ഹോം ഷെഡ്യൂളുണ്ടാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.

വിദേശകാര്യ മന്ത്രി മുതല്‍ തുടങ്ങുന്ന പട്ടിക അവസാനിക്കുന്നത് സ്മൃതി ഇറാനിയിലാണ്. കോണ്‍ഗ്രസിന്റെ ഭാവനയില്‍, പാര്‍ട്ടിയെ നേരിടാന്‍ ബിജെപി നല്‍കിയിരിക്കുന്ന ഡ്യൂട്ടി ചാര്‍ട്ട് ഇങ്ങനെ; തിങ്കള്‍ - എസ് ജയശങ്കര്‍, ചൊവ്വ - പ്രകാശ് ജാവദേക്കര്‍, ബുധന്‍ - ജെ പി നദ്ദ, വ്യാഴം - അമിത് ഷാ, വെള്ളി - രാജ്‌നാഥ് സിംഗ്, ശനി - നിര്‍മ്മല സീതാരാമന്‍, ഞായര്‍ - സ്മൃതി ഇറാനി

എവിടെയാണ് രവിശങ്കര്‍ പ്രസാദിനെ ഉള്‍ക്കൊള്ളിക്കുക എന്നാണ് ട്വീറ്റ് ഏറ്റെടുത്ത് ആളുകള്‍ ചോദിക്കുന്നത്. ചാര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിട്ടുപോയല്ലോ എന്നും ചിലര്‍. മന്ത്രിമാരെല്ലാം അതിഥികളായി എത്തുന്നവരാണെന്നും ആഴ്ചയില്‍ ഏഴ് ദിവസവും ഡ്യൂട്ടിയിലുള്ളത് ബിജെപി വക്താവ് സംബീത് പത്ര ആണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 

കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിലും ചൈനീസ് ആക്രമണം നേരിടുന്നതിലും സര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി ബിജെപിയെ കടന്നാക്രമിച്ചിരുന്നു. മാത്രമല്ല, കഴിഞ്ഞ ദിവസം ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആദിത്യനാഥ് സര്‍ക്കാരിനെതിരെയും രാഹുല്‍ രംഗത്തെത്തിയിരുന്നു. അതേസമയം തുടര്‍ച്ചയായി നേതാക്കലെ നഷ്ടപ്പെടുന്ന കോണ്‍ഗ്രസിനെ ട്വിറ്ററില്‍ മാത്രം ഒതുങ്ങുന്ന പാര്‍ട്ടിയെന്ന് ബിജെപി പരിഹസിച്ചു.