ആദ്യ വനിതാ ധനമന്ത്രിയെന്ന നിലയിൽ നിര്‍മലാ സീതാരാമനെ ദിവ്യ അഭിനന്ദിച്ചത് വിവാദമായിതിന് പിന്നാലെയാണ് ട്വിറ്ററും ഇന്‍സ്റ്റഗ്രാമും ദിവ്യ ഉപേക്ഷിക്കുന്നത് . 

ദില്ലി: കോണ്‍ഗ്രസിൽ സമൂഹമാധ്യമ പ്രചാരണത്തിന്‍റെ ചുമതലയുളള ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. അക്കൗണ്ട് നിലവിൽ ഇല്ലെന്നാണ് ട്വിറ്റര്‍ പേജിൽ കാണുന്നത്. ട്വിറ്റര്‍ വിട്ടതിന് പിന്നാലെ ദിവ്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഉപേക്ഷിച്ചിരിക്കുകയാണ്. 

ആദ്യ വനിതാ ധനമന്ത്രിയെന്ന നിലയിൽ ബിജെപി നേതാവ് നിര്‍മലാ സീതരാമനെ ദിവ്യ അഭിനന്ദിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററും ഇന്‍സ്റ്റഗ്രാമും ദിവ്യ സ്പന്ദന ഉപേക്ഷിക്കുന്നത്. ഇന്ദിരാഗാന്ധി നേരത്തെ ധനമന്ത്രിയായിരുന്നു. ഇത് കണക്കിലെടുക്കാതെയായിരുന്നു ദിവ്യയുടെ പ്രതികരണം. 

കനത്ത തോല്‍വിക്ക് പിന്നാലെ ദിവ്യ കോണ്‍ഗ്രസിനോട് വിട പറയുകയാണെന്ന് അഭ്യൂഹവും ഇതോടെ സജീവമായിട്ടുണ്ട് .എന്നാൽ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായ സംഭവത്തിൽ കോണ്‍ഗ്രസോ ദിവ്യയോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 

അതേസമയം കനത്ത പരാജയത്തിന്‍റെയും സംഘടനാ പ്രതിസന്ധിയുടേയും പശ്ചാത്തലത്തിൽ ഒരു മാസത്തേക്ക് ഔദ്യോഗിക വക്താക്കൾക്ക് മാധ്യമ വിലക്കേര്‍പ്പെടുത്തി എഐസിസി വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണോ ദിവ്യ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് മാറി നിൽക്കുന്നതെന്നും വ്യക്തമല്ല