ദില്ലി: ബിഹാറിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിന്‍റെ ദയനീയ പ്രകടനം മുന്നണിയിലും പാര്‍ട്ടിയിലും അസംതൃപ്തിക്ക് കാരണമാകുന്നു. മഹാസഖ്യത്തിന്‍റെ തോല്‍വിക്ക് പ്രധാനകാരണം കോണ്‍ഗ്രസാണെന്ന അഭിപ്രായം പരസ്യമായി പങ്കുവച്ച് പാര്‍ട്ടിയിലെ മുതിർന്ന നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍ ആര്‍ ജെ ഡി നേതാക്കളും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താൻ മടികാട്ടിയില്ല.

ഉത്തർപ്രദേശിൽ മുമ്പ് അഖിലേഷ് യാദവിനോട് ചെയ്തതാണ് ഇത്തവണ കോൺഗ്രസ് ബിഹാറില്‍ തേജസ്വിയാദവിനോട് കാട്ടിയതെന്ന് ആർജെഡി നേതാവ് ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി. പ്രചാരണം നടക്കുന്നതിനിടെ രാഹുൽഗാന്ധി ഷിംലയിൽ അവധി ആഘോഷിക്കാൻ പോയതും ചർച്ചയാവുന്നുണ്ട്. കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നല്കിയതും ആർജെഡിക്കുള്ളില്‍ ചര്‍ച്ചായാകുന്നുണ്ട്.

കോൺഗ്രസിനുള്ളിലാകട്ടെ ബിഹാറിലെ ദയനീയ പ്രകടനം വലിയ തോതില്‍ അസംതൃപ്തിക്ക് കാരണമാകുന്നുണ്ട്. പാർട്ടി ആത്മപരിശോധന നടത്തണമെന്ന് മുതിർന്ന നേതാക്കളായ താരിഖ് അൻവറും പിഎൽ പുനിയയും ആവശ്യപ്പെട്ടു. 'ആർജെഡിയും ഇടതുപക്ഷവും നല്ല പ്രകടനമാണ് തെരഞ്ഞെടുപ്പിൽ കാഴ്ചവച്ചത്, അവരെ പോലെ നമുക്കും നേട്ടമുണ്ടാക്കാൻ കഴിഞ്ഞെങ്കിൽ മഹാസഖ്യത്തിന്‍റെ സർക്കാർ വരുമായിരുന്നു' ഇതായിരുന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം താരിഖ് അൻവറിന്‍റെ അഭിപ്രായം.

രണദീപ് സുർജെവാലയുടെ നേതൃത്വത്തിലുള്ള പ്രചാരണ സമിതിയോടാണ് സംസ്ഥാന നേതാക്കൾ അതൃപ്തി പ്രകടിപ്പിക്കുന്നത്. കേന്ദ്രനേതാക്കൾ പ്രചാരണം ഏറ്റെടുത്തത് തിരിച്ചടിയായെന്ന് സംസ്ഥാനത്തെ പ്രമുഖ നേതാവ് അഖിലേഷ് പ്രസാദ് സിംഗ് തുറന്നടിച്ചു.  രാഹുൽ ഗാന്ധിയുടെ റാലികൾ സംഘടിപ്പിക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് വീഴ്ച വന്നു എന്നും പാർട്ടിയിൽ വികാരമുണ്ട്. മുതിർന്ന നേതാവ് പിഎൽ പുനിയയും പാർട്ടി തോൽവി അംഗീകരിക്കുകയാണ് വേണ്ടതെന്ന് തുറന്നടിച്ചു.

03 ശതമാനം അതായത് 12,000 വോട്ടുകൾ മാത്രമാണ് സംസ്ഥാനത്ത് എൻഡിഎയ്ക്ക് മഹാസഖ്യത്തെക്കാൾ കൂടുതൽ കിട്ടയത്. ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 71 സീറ്റുകളിൽ വെറും 27 സീറ്റുകളാണ് എൻഡിഎയ്ക്ക് കിട്ടിയത്. എന്നാൽ പ്രചാരണതന്ത്രത്തിൽ മാറ്റം വരുത്തി രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും മഹാസഖ്യത്തെ മറികടക്കാൻ എൻഡിഎയ്ക്കായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.