ദില്ലി: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയ തുകയുടെ വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനൊന്നും അരുണാചല്‍ പ്രദേശ്, തെലങ്കാന, ഒഡിഷ, സിക്കിം നിയമസഭ തെരഞ്ഞെടുപ്പ് ചെലവുകള്‍ ഉള്‍പ്പെടുത്തിയാണ് കണക്ക് നല്‍കിയത്. ബിജെപി കണക്കുകള്‍ നല്‍കിയിട്ടില്ല. പാര്‍ട്ടികള്‍ നല്‍കിയ വിവരമനുസരിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയത്. 820 കോടി രൂപയാണ് കോണ്‍ഗ്രസ് ചെലവാക്കിയത്.

2014ലെ തെരഞ്ഞെടുപ്പില്‍ 516 കോടി രൂപയാണ് കോണ്‍ഗ്രസ് ചെലവാക്കിയത്. 2014ല്‍ ബിജെപി 714 കോടി രൂപ ചെലവാക്കി. ഒക്ടോബര്‍ 31നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ കോണ്‍ഗ്രസ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ്(83.6 കോടി), ബിഎസ്പി(55.4 കോടി), എന്‍സിപി(72.3 കോടി) എന്നിവരാണ് കോണ്‍ഗ്രസിന് പിന്നില്‍. കോണ്‍ഗ്രസ് നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് 573 കോടി രൂപ ചെക്കായും കറന്‍സിയായി 14.33 കോടിയും ചെലവാക്കി. പ്രചാരണ പരസ്യത്തിനായി 356 കോടിയും ചെലവാക്കി. പോസ്റ്ററുകള്‍ക്ക് 47 കോടി, പ്രചാരകരുടെ ഗതാഗത ചെലവ് 86.82 കോടി എന്നിങ്ങനെയാണ് ചെലവായ തുക. ഛത്തിസ്ഗഢ്(40 കോടി), ഒഡിഷ (40 കോടി), യുപി(36 കോടി), മഹാരാഷ്ട്ര 18 കോടി), ബംഗാള്‍(15 കോടി) എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍. 

കേരളത്തില്‍ 20 സ്ഥാനാര്‍ഥികള്‍ക്കായി കോണ്‍ഗ്രസ് 13 കോടി ചെലവാക്കിയപ്പോള്‍ സിപിഎം രാജ്യമാകെ 73.1 ലക്ഷം രൂപയാണ് ചെലവാക്കിയത്. ദേശീയപാര്‍ട്ടികളില്‍ സിപിഎമ്മാണ് ഏറ്റവും കുറവ് പണം ചെലവാക്കിയത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചതടക്കമുള്ള ചെലവാണ് 13 കോടി. 
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ബിജെപിയുടെ പണക്കൊഴുപ്പിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പെടാപാട് പെടുകയാണെന്ന് സ്ഥാനാര്‍ഥികള്‍ പരസ്യമായും രഹസ്യമായും പറഞ്ഞിരുന്നെങ്കിലും കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് പണമേറെ ഒഴുക്കിയെന്ന് വ്യക്തം.