ദില്ലി: ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ ജമ്മുകശ്മീര്‍ നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ്. ജമ്മുകശ്മീരില്‍ മറ്റൊരു രാജ്യത്തിന്‍റെ മധ്യസ്ഥത ആവശ്യമില്ലെന്ന  നിലപാട് ആവര്‍ത്തിച്ച പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് അഭിനന്ദിച്ചു. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പ്രസ്താവനയെ കോണ്‍ഗ്രസ് അപലപിച്ചു.

കശ്മീർ ഇന്ത്യയുടെ അഭ്യന്തര വിഷയം ആണെന്ന സർക്കാർ നിലപാടിനും കോണ്‍ഗ്രസ് പിന്തുണയുണ്ട്. മുന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്ന നിലപാടിനും പിന്തുണ അറിയിച്ചിട്ടുണ്ട്. ലോക രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി പാക്കിസ്ഥാന്‍ കളവു പറയുകയായിരുന്നെന്ന വിമര്‍ശനവും കോണ്‍ഗ്രസ് മുന്നോട്ടുവച്ചു.

ട്രംപുമായി മോദി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ നിറവേറ്റിയില്ലെന്നാണ് കോണ്‍ഗ്രസ് അഭിപ്രായം. കയറ്റുമതി നിയന്ത്രണം നീക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളും ഫലവത്തായില്ലെന്നും കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പിലൂടെ വിമര്‍ശിച്ചു. അമേരിക്കൻ, യു എന്‍ പര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി തിരിച്ചെത്തിയതിനു പിന്നാലെയാണ് കോൺഗ്രസ്‌ വാർത്താക്കുറിപ്പിറക്കിയത്.