ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തി നടത്തിയ നീക്കമാണെന്നും നിയമ വിദഗ്ധരുമായുള്ള കൂടിയാലോചനക്ക് ശേഷം ഹര്‍ജി ഫയല്‍ ചെയ്യുമെന്നും നേതൃത്വം

ദില്ലി: വഖഫ് നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമെന്നും മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത്. ഭൂരിപക്ഷമുണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തി നടത്തിയ നീക്കമാണെന്നും നിയമ വിദഗ്ധരുമായുള്ള കൂടിയാലോചനക്ക് ശേഷം ഹര്‍ജി ഫയല്‍ ചെയ്യുമെന്നും നേതൃത്വം അറിയിച്ചു

അര്‍ധരാത്രി പിന്നിട്ട മാരത്തണ്‍ ചര്‍ച്ചയിലൂടെ ഇരുസഭകളിലും പാസായ ബില്ല് രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ വൈകാതെ നിയമമാകും. പൗരത്വ നിയമഭേദഗതി, ആരാധലായ സംരക്ഷണം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹര്ജികള്‍ തുടങ്ങിയ വിശദീകരിച്ച് സുപ്രീംകോടതിയില്‍ നീണ്ട നിയമയുദ്ധത്തിന് തയ്യാറാകുന്നുവെന്ന് ജയറാം രമേശ് എക്സില്‍ കുറിച്ചു. അതേസമയം ബില്ലിനെ പ്രധാനമന്ത്രിയും അമിത് ഷായും വാനോളം പുകഴ്ത്തി. സുതാര്യതയില്ലായ്മയുടെ പര്യായമായിരുന്നു ഇതുവരെ വഖഫ് ബോര്‍ഡുകളെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. അഴിമതിയുടെ കാലം അവസാനിച്ചെന്നും, വഖഫ് ബോര്‍ഡുകളും, ട്രിബ്യൂണലുകളും സുതാര്യമാകുമെന്നും അമിത്ഷായും അവകാശപ്പെട്ടു. അടിച്ചേല്‍പിച്ച ബില്ലെന്നു സോണിയ ഗാന്ധിയുടെ വിമര്‍ശനത്തിനെതിരെ ഭരണപക്ഷം ലോക് സഭയിലും രാജ്യസഭയിലും പ്രതിഷേധിച്ചു. എത്രയോ മണിക്കൂറുകള്‍ ചര്‍ച്ച ചെയ്ത് പാസാക്കിയാതാണെനനും സോണിയയുടെ പരാമര്‍ശം പാര്‍ലമെന്‍റ് മര്യാദക്ക് നിരക്കുന്നതല്ലെന്നും സ്പീക്കര്‍ ഓംബിര്‍ല കുറ്റപ്പെടുത്തി.

ബില്ലിനെ പിന്തുണച്ച കക്ഷികള്‍ക്കെതിരെ പാര്‍ലമെന്‍റിന് പുറത്തും പ്രതിപക്ഷം നിലപാട് കടുപ്പിക്കുകയാണ്. ഓന്തിന്‍റെയും കാക്കിനിക്കറിട്ട നിതീഷ് കുമാറിന്‍റെയും ചിത്രം ചേര്‍ത്ത പോസ്റ്റര്‍ ഇറക്കി ആര്‍ജെഡി രൂക്ഷ പരിഹാസം ഉന്നയിച്ചു. യുപിയില്‍ മായാവതി ബില്ലിനെതിരെ പ്രചാരണം തുടങ്ങി. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും സംസ്ഥാനങ്ങളില്‍ പ്രതിഷേധത്തിന് ഇറങ്ങുകയാണ്. പല കക്ഷികളും സുപ്രീംകോടതിയിലേക്ക് നീങ്ങും.