രാഹുൽ ഗാന്ധി ഹർജി നല്കി രണ്ടു മാസത്തിനു ശേഷമാണ് ഗുജറാത്ത് ഹൈക്കോടതിയുടെ തീർപ്പ് വന്നത്. സുപ്രീംകോടതി പരിഗണിച്ച ശേഷം ഇത് നീണ്ടു പോയാൽ വയനാട്ടിലെ അനിശ്ചിതത്വവും തുടരും
ദില്ലി;രാഹുൽ ഗാന്ധിയുടെ ഹർജി ഹൈക്കോടതി തള്ളിയതോടെ വയനാട് ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമാകുന്നു. സുപ്രീംകോടതി കേസിൽ ഉടൻ ഇടപെട്ടില്ലെങ്കിൽ മാത്രമേ പ്രഖ്യാപനം ആലോചിക്കൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നല്കുന്ന സൂചന. രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്കു പിന്നാലെ വയനാട് മണ്ഡലത്തിലെ മത്സരത്തെക്കുറിച്ചുള്ള ആലോചന തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരുന്നു. ഇതിനുള്ള പ്രാരംഭ നടപടികൾ എല്ലാം പൂർത്തിയാക്കി കഴിഞ്ഞൂ. ലക്ഷദ്വീപിൽ മൊഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഒരാഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതി സ്റ്റേ വന്നതോടെ ഇത് റദ്ദാക്കേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ നിയമനടപടികൾ നിരീക്ഷിച്ച ശേഷം വയനാടിൻറെ കാര്യം ആലോചിച്ചാൽ മതിയെന്ന് കമ്മീഷൻ തീരുമാനിച്ചത്.
അടുത്ത മാർച്ചിലാവും ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. ആറു മാസം ബാക്കിയുണ്ടെങ്കിൽ ഒരു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് തടസ്സമില്ല. കോൺഗ്രസ് ഉടൻ സുപ്രീംകോടതിയിലേക്ക് പോകും എന്നറിയിച്ച സാഹചര്യത്തിൽ കമ്മീഷൻ കാത്തിരിക്കാനാണ് സാധ്യത. കോടതി പെട്ടെന്ന് വിഷയത്തിൽ വാദം കേൾക്കുന്നില്ലെങ്കിൽ മാത്രമേ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകൂ.വയനാടിനെക്കുറിച്ച് ചോദ്യങ്ങളോട് ക്ഷുഭിതനായാണ് കോൺഗ്രസ് വക്താവ് ജയറാം രമേഷ് ഇന്ന് പ്രതികരിച്ചത്. ഇക്കാര്യത്തിലെ ചോദ്യങ്ങൾ ഉയർന്നതോടെ ജയറാം രമേശ് വാർത്ത സമ്മേളനം അവസാനിപ്പിച്ചു.രാഹുൽ ഗാന്ധി ഹർജി നല്കി രണ്ടു മാസത്തിനു ശേഷമാണ് ഗുജറാത്ത് ഹൈക്കോടതിയുടെ തീർപ്പ് വന്നത്. സുപ്രീംകോടതി പരിഗണിച്ച ശേഷം ഇത് നീണ്ടു പോയാൽ വയനാട്ടിലെ അനിശ്ചിതത്വവും തുടരും
