Asianet News MalayalamAsianet News Malayalam

അഹമ്മദ് പട്ടേലിൻ്റെ വിയോ​ഗം: പ്രതിസന്ധി കാലത്ത് കോൺ​ഗ്രസിന് മറ്റൊരു നഷ്ടം

ഒന്നിനൊന്ന് പാര്‍ട്ടി ദുര്‍ബലമാകുന്ന ഈ കാലത്ത്  അഹമ്മദ് പട്ടേലിന്‍റെ വിയോഗം സംഘടനാ രംഗത്തുണ്ടാക്കുന്ന    വിടവ് ചെറുതായിരിക്കില്ല.  

congress to face huge loss through the demise of ahmed patel
Author
Gurugram, First Published Nov 25, 2020, 6:58 AM IST

ദില്ലി: കോണ്‍ഗ്രസിന്‍റെ എക്കാലത്തെയും ട്രബിള്‍ ഷൂട്ടറായായിരുന്നു അഹമ്മദ് പട്ടേല്‍. ജനകീയ നേതാവല്ലായിരുന്നിട്ട്  കൂടി  പാര്‍ട്ടിയെ ചലിപ്പിക്കുന്നതില്‍  നിര്‍ണ്ണായക ശക്തിയായി അഹമ്മദ് പട്ടേൽ പ്രവർത്തിച്ചു. പ്രതിസന്ധി കാലഘട്ടത്തില്‍ അഹമ്മദ് പട്ടേലിന്‍റെ വിയോഗം കോണ്‍ഗ്രസിന് ഉണ്ടാക്കാവുന്ന നഷ്ടം ചെറുതായിരിക്കില്ല. 

ഗുജറാത്തിലെ ബറൂച്ചില്‍ 1976ലെ  തദ്ദേശ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ അഹമ്മദ് ഭായ് മുഹമ്മദ് ഭായ് പട്ടേല്‍ എന്ന അഹമ്മദ് പട്ടേലിന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ  വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. 76 ല്‍  നിന്ന് 85ലെത്തുമ്പോഴേക്കും അഹമ്മദ് പട്ടേല്‍ രാജീവ് ഗാന്ധിയുടെ പാര്‍ലമെന്‍ററി സെക്രട്ടറിയായി. മൂന്ന് തവണ ലോക്സഭയിലും  അഞ്ച് തവണ രാജ്യസഭയിലും  അഹമ്മദ് പട്ടേലെത്തി. 

സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തില്‍ എത്തിയത് മുതല്‍ പാര്‍ട്ടിയെ ചലിപ്പിക്കുന്നതില്‍  പ്രധാന ശക്തിയായി. മൃദുഭാഷിയായിരുന്ന അഹമ്മദ് പട്ടേല്‍ സംഘടന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍  കണിശക്കാരനായിരുന്നു. സോണിയഗാന്ധിയുടെ വിശ്വസ്തന് അതുകൊണ്ടു തന്നെ പല നേതാക്കളുടെയും അനിഷ്ടത്തിന് പാത്രമായി. 

കേരളവുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു അഹമ്മദ് പട്ടേല്‍. കേരളത്തിന്‍റെ ചുമതലയുണ്ടായിരുന്ന കാലത്ത് കീറാമുട്ടിയായ പല വിഷയങ്ങളും പാര്‍ട്ടിയിലെ ട്രബിള്‍ ഷൂട്ടറായിരുന്ന അഹമ്മദ് പട്ടേല്‍ നിഷ്പ്രയാസം പരിഹരിച്ചു. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് സര്‍ക്കാരിനെ മുന്‍പോട്ട് കൊണ്ടു പോകുന്നതിലും, ഇടത് പാര്‍ട്ടികളുമായുള്ള സഹകരണത്തിലും അഹമ്മദ് പട്ടേലിന്‍റെ റോള്‍  നിര്‍ണ്ണായകമായിരുന്നു.  

2018 ല്‍ ഇടത് പക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ അഹമ്മദ് പട്ടേലിന്‍റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് തുണയായി. ഗുജറാത്തിലെ  ബിജെപിയുടെ  തന്ത്രങ്ങളെ പരാജയപ്പെടുത്തി ഒടുവില്‍  രാജ്യസഭയിലെത്തുമ്പോള്‍  അത് മോദി-ഷാ കൂട്ടുകെട്ടിനുണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല.ഒരു കാലത്ത് തന്‍റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായി അമിത് ഷാ കണ്ടിരുന്നതും അഹമ്മദ് പട്ടേലിനെ ആയിരുന്നു. 

കേസുകളില് തന്നെ കുടുക്കിയത് പട്ടേലാണെന്ന് അമിത്ഷാ വിശ്വസിച്ചിരുന്നു. അമിത്ഷാ അധികാരത്തിലേറിയ ശേഷം പട്ടേലിനെ പിന്നാലെ  സാമ്പത്തിക  അന്വേഷണ ഏജന്‍സികള്‍ എത്തിയതിനെ യാദൃശ്ചികമായി കാണേണ്ടതില്ല. ഏറ്റവുമൊടുവില്‍ പാർട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കലാപം ഉയര്‍ന്നപ്പോള്‍ ഗാന്ധി കുടംബം തന്നെ കോണ്‍ഗ്രസിനെ  നയിച്ചാല്‍ മതിയെന്ന പ്രതികരണവുമായി  വിമത ശബ്ദമുയര്‍ത്തിവരുടെ വഴിയടച്ചു അഹമ്മദ് പട്ടേല്‍. ഒന്നിനൊന്ന് പാര്‍ട്ടി ദുര്‍ബലമാകുന്ന ഈ കാലത്ത്  അഹമ്മദ് പട്ടേലിന്‍റെ വിയോഗം സംഘടനാ രംഗത്തുണ്ടാക്കുന്ന  വിടവ് ചെറുതായിരിക്കില്ല.  

Follow Us:
Download App:
  • android
  • ios