ബിജെപിക്കെതിരെ ഒറ്റക്ക് പോരാടുമെന്നും ആരുടെയും സഹായം വേണ്ടെന്നുമുളള നിലപാടിലൂടെ സഖ്യത്തെ തള്ളിയെ മമത ബാനര്‍ജിയെ അനുനയിപ്പിക്കാനാകും കോണ്‍ഗ്രസിന്‍റെ ശ്രമം. 

ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമബംഗാളിലേക്ക് കടന്നതോടെ മമത ബാനര്‍ജിയെ അനുനയിപ്പിക്കാന്‍ നീക്കം തുടങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയ മമതയോട് രാഹുല്‍ സംസാരിച്ചേക്കും. സഖ്യം പിളര്‍ത്തുന്ന മമത ബിജെപിയില്‍ ചേരട്ടെയെന്ന് സിപിഎം വിമര്‍ശിച്ചു.

മമത ബാനര്‍ജിയുടെ കടുത്ത അതൃപ്തിക്കിടെ രാഹുല്‍ ഗാന്ധിയുടെ യാത്ര പശ്ചിമ ബംഗാളിലേക്ക്. ബിജെപിക്കെതിരെ ഒറ്റക്ക് പോരാടുമെന്നും ആരുടെയും സഹായം വേണ്ടെന്നുമുളള നിലപാടിലൂടെ സഖ്യത്തെ തള്ളിയെ മമത ബാനര്‍ജിയെ അനുനയിപ്പിക്കാനാകും കോണ്‍ഗ്രസിന്‍റെ ശ്രമം. മമതയോട് അടുക്കാന്‍ താല്‍പര്യമില്ലാത്ത സംസ്ഥാന ഘടകത്തെ ഒഴിവാക്കി രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിക്കാനാണ് നീക്കം.

മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും മമതയുമായി സംസാരിച്ചേക്കും. പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ തൃണമൂല്‍ വിരുദ്ധ നിലപാടാണ് മമതയെ കൂടുതല്‍ പ്രകോപിപ്പിച്ചതെന്നാണ് സൂചന. രാഹുലിന്‍റെ യാത്രയിലേക്ക് ക്ഷണമുണ്ടെങ്കിലും മമത ബാനര്‍ജി പങ്കെടുത്തേക്കില്ല. യാത്രയുടെ പ്രവേശന ചടങ്ങില്‍ നിന്ന് മമത വിട്ടു നിന്നു. മമതയുടെ പിന്നാലെ കോണ്‍ഗ്രസ് പോകുന്നതിവല്‍ സിപിഎമ്മിന് കടുത്ത പ്രതിഷേധമുണ്ട്. സഖ്യം പിളര്‍ത്തുകയെന്നത് ബിജെപിയുടെ അജണ്ടയാണ്. അത് നടപ്പാക്കുന്ന മമത ബിജെപിയില്‍ ചേരട്ടയെന്ന് സിപിഎം ബംഗാള്‍ സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു. 

കോണ്‍ഗ്രസ്- തൃണമൂല്‍ സഖ്യത്തോട് തുടക്കത്തില്‍ തന്നെ സിപിഎമ്മിന് വിയോജിപ്പുണ്ടായിരുന്നു. മമത നിലപാടില്ലാത്ത നേതാവാണെന്ന് സിപിഎം നേരത്തെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. മമതയെ ഒഴിവാക്കി സഖ്യവുമായി മുന്‍പോട്ട് പോകാമെന്ന സന്ദേശമാണ് സിപിഎം കോണ്‍ഗ്രസിന് നല്‍കുന്നത്.