കെട്ടിടം അനുവദിക്കപ്പെട്ടിരുന്ന എംപിയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ്  ഒഴിയാന്‍ ആവശ്യപ്പെട്ടതെന്ന് സര്‍ക്കാര്‍ .രാഷ്ട്രീയ നീക്കമെന്ന് കോണ്‍ഗ്രസ്

ദില്ലി:നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത്നില്‍ക്കേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളുടേതടക്കം കോണ്‍ഗ്രസിന്‍റെ തന്ത്രപ്രധാനകേന്ദ്രമായ വാര്‍ റൂം ഒഴിയാന്‍ നിര്‍ദ്ദേശം. ദില്ലി ജിആര്‍ജി റോഡിലെ കെട്ടിടം നാളേക്കുള്ളില്‍ ഒഴിയണമെന്നാണ് നിര്‍ദ്ദേശം.നയരൂപീകരണം, തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കല്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, അച്ചടക്ക നടപടി ആലോചിക്കല്‍ അങ്ങനെ കഴിഞ്ഞ 18 വര്‍ഷമായി നിര്‍ണ്ണായക തീരുമാനങ്ങള്‍ പാര്‍ട്ടി ആസ്ഥാനത്തിനൊപ്പം പിറവിയെടുത്തിരുന്നത് ഇവിടെ വച്ച് കൂടിയായിരുന്നു. ആളുകള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ പാര്‍ട്ടി ആസ്ഥാനത്തേക്കാള്‍ രഹസ്യാത്മകമായി ചര്‍ച്ചകള്‍ നടത്താനാകുമായിരുന്നു. തുടര്‍ച്ചയായ പരാജയങ്ങളില്‍ പരിഹാസ വാക്കായും വാര്‍ റൂം ഉപയോഗിക്കപ്പെട്ടു.എംപിമാരുടെ പേരിലെടുത്തിരുന്ന വസതി ഒടുവില്‍ ബംഗാളില്‍ നിന്നുള്ള രാജ്യസഭ എംപി പ്രദീപ് ഭട്ടാചാര്യക്കായിരുന്നു അനുവദിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ കാലാവധി കഴിഞ്ഞതിന് പിന്നാലെ ഒഴിയാന്‍ നോട്ടീസ് നല്‍കി.നിയമസഭ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ നവംബര്‍ വരെ തുടരാന്‍ അപേക്ഷ നല്‍കിയെങ്കിലും അനുമതി നിഷേധിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

പുതുതായി രാജ്യസഭയിലെത്തിയ കാര്‍ത്തികേയ ശര്‍മ്മയുടെ പേരില്‍ വസതി അനുവദിച്ച് തുടര്‍ നീക്കങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ തടയിട്ടു. അഞ്ച് വര്‍ഷം മുന്‍പ് എഐസിസി ആസ്ഥാനത്തിനും ഒഴിയാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഔദ്യോഗിക വസതിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ പടിയിറക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ തന്ത്രപ്രധാന കേന്ദ്രത്തിനും ബിജെപി സര്‍ക്കാര്‍ പൂട്ടിട്ടിരിക്കുന്നത്. 

'വാർ റൂം' ഒഴിയാൻ കോൺ​ഗ്രസിന് നിർദ്ദേശം നൽകി കേന്ദ്രം