കർണാടകയിലെ ജാതിസെൻസസിൽ ചെറിയ ആശയക്കുഴപ്പങ്ങളുള്ളത് പരിഹരിക്കുമെന്നും എല്ലാ സംസ്ഥാനങ്ങളിലും ജാതിസെൻസസ് നടപ്പാക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ഡി കെ ശിവകുമാർ പറയുന്നു. 

ബം​ഗളൂരു: തെലങ്കാനയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്. 'ബൈ ബൈ കെസിആർ' എന്നതാണ് കോൺഗ്രസിന്‍റെ ഏറ്റവും വലിയ മുദ്രാവാക്യം. അത് ജനം ഏറ്റെടുക്കും. കർണാടകയിലെ ജാതിസെൻസസിൽ ചെറിയ ആശയക്കുഴപ്പങ്ങളുള്ളത് പരിഹരിക്കുമെന്നും എല്ലാ സംസ്ഥാനങ്ങളിലും ജാതിസെൻസസ് നടപ്പാക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ഡി കെ ശിവകുമാർ പറയുന്നു.

കർണാടകയിൽ കോൺഗ്രസിന്‍റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ടീം ഇപ്പോൾ തെലങ്കാനയിൽ. എന്താണ് ഗ്രൗണ്ടിലെ പൾസ്?

ഉത്തരം: മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. മാറ്റമാഗ്രഹിക്കുന്നുണ്ട് ജനം. നല്ല ഭരണത്തിനും വികസനത്തിനും വേണ്ടിയുള്ള മാറ്റം. തെലങ്കാനയെന്ന സംസ്ഥാനം സമ്മാനിച്ച സോണിയാ ഗാന്ധിയോട് കടം വീട്ടണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്. 10 വർഷത്തിൽ വാഗ്ദാനം ചെയ്ത ഒന്നും കെസിആർ നടപ്പാക്കിയില്ല. തെലങ്കാനയ്ക്ക് വേണ്ടി ഞങ്ങൾ മാറ്റം കൊണ്ടുവരും. ആറ് ഗ്യാരന്‍റികൾ ഉടൻ തന്നെ നടപ്പാക്കും. കർണാടകയിൽ എല്ലാ ഗ്യാരന്‍റികളും നടപ്പാക്കിയത് ജനം കണ്ടതാണ്. തെലങ്കാനയിലും വാഗ്ദാനം ചെയ്ത ആറ് ഗ്യാരന്‍റികൾ ഞങ്ങൾ നടപ്പാക്കും.

കർണാടക തെരഞ്ഞെടുപ്പ് കാലത്ത് ഞങ്ങളോട് സംസാരിച്ചപ്പോൾ എത്ര സീറ്റ് കിട്ടുമെന്ന് കൃത്യം താങ്കൾ പ്രവചിച്ചല്ലോ. തെലങ്കാനയിൽ എത്ര സീറ്റ് കിട്ടുമെന്നാണ് താങ്കളുടെ കണക്ക് കൂട്ടൽ?

ഉത്തരം: മികച്ച ഭൂരിപക്ഷം നേടിത്തന്നെ വിജയിക്കും. എന്‍റെ പ്രചാരണം അവസാനിച്ചില്ലല്ലോ. അവസാനിച്ച ശേഷം ഞാൻ നിങ്ങളോട് കൃത്യം കണക്ക് പറയാം.

ദളിത് - ഒബിസി - ന്യൂനപക്ഷ ഏകീകരണം, വനിതാ വോട്ടുകൾ, ആറ് ഗ്യാരന്‍റികൾ - ഇതാണോ കോൺഗ്രസ് കണക്കുകൂട്ടുന്ന വിജയഫോർമുല?

ഉത്തരം: അത് സ്വാഭാവികമല്ലേ, ദളിത് മുഖ്യമന്ത്രിയെ തരാം, 2 മുറി വീടുകൾ തരാം, ദളിത് വിഭാഗത്തിന് മൂന്നേക്കർ ഭൂമി തരാം, തൊഴിൽ നൽകാം എന്നിങ്ങനെ നൽകിയ വാഗ്ദാനങ്ങളൊന്നും കെസിആർ പാലിച്ചില്ലല്ലോ. തെലങ്കാന നൽകാം എന്ന് സോണിയാ ഗാന്ധി വാഗ്ദാനം ചെയ്തു. അത് നൽകി. ഞങ്ങൾ നൽകുന്ന ആറ് ഗ്യാരന്‍റികൾ കോൺഗ്രസ് ഗ്യാരന്‍റികളാണ്. സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും നൽകുന്ന വാഗ്ദാനങ്ങൾ. അത് നടപ്പാക്കും.

ജാതിസെൻസസ് എന്നതാണല്ലോ കോൺഗ്രസിന്‍റെ പ്രധാനവാഗ്ദാനങ്ങളിലൊന്ന്. ഈ വാഗ്ദാനത്തെ മുന്നാക്കവിഭാഗങ്ങളിൽപ്പെട്ട റെഡ്ഡി, കമ്മ വിഭാഗങ്ങൾ അംഗീകരിക്കുമെന്ന് തോന്നുന്നുണ്ടോ?

ഉത്തരം: ഇത് സാമൂഹ്യപരമായും സാമ്പത്തികപരമായും കൈകാര്യം ചെയ്യണ്ട വിഷയമാണ്. ഓരോ വിഭാഗത്തിനും കൃത്യം എത്ര ജനസംഖ്യയുണ്ടോ അതിനനുസരിച്ചുള്ള കണക്കുകൾ ഞങ്ങൾ വിശകലനം ചെയ്യും. അത് കോൺഗ്രസ് ഏറ്റെടുക്കുന്ന ഉത്തരവാദിത്തമാണ്. കർണാടകയിൽ ഇപ്പോഴുള്ള ജാതിസെൻസസിൽ ചെറിയ ആശയക്കുഴപ്പങ്ങളുണ്ട്. ചില വിവരങ്ങൾ വിട്ടുപോയി എന്ന പരാതികളുണ്ട്. അതെല്ലാം പരിഹരിക്കും. ഞങ്ങൾ എല്ലാ വിഭാഗങ്ങൾക്കുമൊപ്പമാണ്.

എന്താണ് അവസാനലാപ്പിലെ തെരഞ്ഞെടുപ്പ് തന്ത്രം?

ഉത്തരം: 'ബൈ ബൈ കെസിആർ' എന്ന ഒറ്റ വാക്യമാണ് ഞങ്ങളുടെ തെരഞ്ഞെടുപ്പ് തന്ത്രം.