വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിക്കും; മല്ലികാർജ്ജുൻ ഖാർഗെ
കോണ്‍ഗ്രസിന് 5 ബിജെപിക്ക് 0 എന്നതായിരിക്കും സ്ഥിതിയെന്നും മധ്യപ്രദേശില്‍ മുഖ്യമന്ത്രിയുടെയോ പാര്‍ട്ടിയുടെയോ പേരില്‍ വോട്ട് ചോദിക്കാതെ പ്രധാനമന്ത്രി സ്വന്തം പേരില്‍ വോട്ട് തേടുന്നത് പരിഹാസ്യമാണെന്നും ഖാർഗെ

ദില്ലി:വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ. കോണ്‍ഗ്രസിന് 5 ബിജെപിക്ക് 0 എന്നതായിരിക്കും സ്ഥിതിയെന്നും മധ്യപ്രദേശില്‍ മുഖ്യമന്ത്രിയുടെയോ പാര്‍ട്ടിയുടെയോ പേരില്‍ വോട്ട് ചോദിക്കാതെ പ്രധാനമന്ത്രി സ്വന്തം പേരില്‍ വോട്ട് തേടുന്നത് പരിഹാസ്യമാണെന്നും ഖാർഗെ പറഞ്ഞു. എല്ലാ പാർട്ടികളും ശ്രമം നടത്തുന്നത് പോലെ ബിജെപിയും ശ്രമിക്കുന്നുവെന്നയുള്ളുവെന്നും ഖാർഗെ കൂട്ടിചേർത്തു.
അതേസമയം ഇന്നലെ കോൺഗ്രസ് രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള 33 അംഗ സ്ഥാനാർത്ഥപ്പട്ടിക പുറത്തിറക്കി. മുഖ്യമന്ത്രി അശോക് ഗെലോട്ടും സംസ്ഥാനത്തെ പ്രധാന നേതാവായ സച്ചിന്‍ പൈലറ്റും കോൺഗ്രസിനായി കളത്തിലിറങ്ങും. ഗെലോട്ട് സദർപുരയിലും പൈലറ്റ് ടോങ്കിലുമാണ് സ്ഥാനാർത്ഥിയാകളായി ഇറങ്ങുക. ഗെലോട്ട് പക്ഷത്തിനൊപ്പമുള്ള കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരായ ഭൂരിഭാഗം നേതാക്കൾക്കും സീറ്റ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകിയത് വലിയ ചർച്ചയായിരുന്നു. അശോക് ഗെലോട്ടിന്‍റെ അടുപ്പക്കാരില്‍ ചിലരെ മത്സരിപ്പിക്കുന്നതില്‍ ദേശീയ നേതൃത്വത്തിന് താല്‍പ്പര്യമില്ലെന്ന തർക്കമാണ് പ്രഖ്യാപനം വൈകാനിടയാക്കിയത്.
എന്നാൽ രാജസ്ഥാനിലെ കോൺഗ്രസിൽ തർക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറണമെന്ന് താന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും പക്ഷെ മുഖ്യമന്ത്രി കസേര തന്നെ വിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ മേല്‍ ഗാന്ധി കുടുബം വിശ്വാസം സൂക്ഷിക്കുന്നതില്‍ എന്തെങ്കിലും കാരണമുണ്ടാകുമെന്നും ഗെലോട്ട് പ്രതികരിച്ചു. താനും സച്ചിൻ പൈലറ്റും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്നും സ്ക്രീനിങ് കമ്മിറ്റിയില്‍ ഉയർന്നു വന്ന ഒരു പേരിനെയും താന്‍ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയും രാജസ്ഥാൻ മുഖ്യമന്ത്രി ഉയർത്തി.