ശശി തരൂരിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പ്രത്യേക ക്ഷണിതാവാക്കുന്നതിനോട് തരൂരിന് താല്‍പര്യമില്ല.സമുദായ സമവാക്യമടക്കം പരിഗണിച്ചായിരിക്കും തീരുമാനം

തിരുവനന്തപുരം:കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വൈകാതെ പ്രഖ്യാപിക്കും. ഹോളിക്ക് പിന്നാലെ ചര്‍ച്ച തുടങ്ങി പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ പ്രഖ്യാപനം നടത്താനാണ് നീക്കം. അംഗങ്ങളുടെ എണ്ണം 25ല്‍ നിന്ന് 35 ആക്കിയതോടെ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. ശശി തരൂരിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പ്രത്യേക ക്ഷണിതാവാക്കുന്നതിനോട് തരൂരിന് താല്‍പര്യമില്ല. എന്നാല്‍ സമുദായ സമവാക്യമടക്കം പരിഗണിച്ചായിരിക്കും തീരുമാനം. . കേരളത്തില്‍ നിന്ന് രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരും സമിതിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു ക്രിസ്ത്യന്‍ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിനായി കര്‍ണ്ണാടകയില്‍ നിന്ന് മുന്‍ മന്ത്രിയും മലയാളിയുമായ കെ ജെ ജോര്‍ജ്ജിനെ പരിഗണിക്കാനിടയുണ്ട്. 

രാഷ്ട്രീയ അടവുകൾ മാറ്റുന്നതിലെ പരാജയമാണ് യുപിഎ സർക്കാരിൻ്റെ പതനത്തിനിടയാക്കിയതെന്ന് രാഹുൽ ഗാന്ധി.മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയാതെ പോയി. ഗ്രാമീണ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ നഗര മേഖലകൾ കൈവിട്ടു. കോൺഗ്രസ് തകർന്നെന്ന ബിജെപിയുടെ വിശ്വാസം പരിഹാസ്യമാണെന്നും, എല്ലാക്കാലവും ഇന്ത്യ ഭരിക്കാമെന്നത് വ്യാമോഹമാണെന്നും ലണ്ടനില്‍ നടന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസ് ഭരണഘടന സ്ഥാപനങ്ങള്‍ പിടിച്ചെടുത്തതോടെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് മത്സരത്തിന്‍റെ സ്വഭാവം അട്ടിമറിക്കപ്പെട്ടെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്‍റെ മൈക്ക് പതിവായി ഓഫ് ചെയ്യുന്നതിനാല്‍ പാര്‍ലമെന്‍റില്‍ എതിര്‍ ശബ്ദങ്ങള്‍ ഉയരാറില്ലെന്നും ബ്രിട്ടണില്‍ നടത്തിയ പ്രഭാഷണ പരമ്പരകളില്‍ രാഹുല്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തി. ലഡാക്കിലും, അരുണാചല്‍ പ്രദേശിലുമായി രണ്ടായിരത്തി അഞ്ഞൂറ് സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശം ചൈനീസ് സൈന്യം കൈയേറിയപ്പോള്‍ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം ചൈനക്ക് പ്രോത്സാഹനമായെന്നും രാഹുല്‍ പരിഹസിച്ചു. അതേ സമയം ലണ്ടനിലും, ബ്രിട്ടണിലുമായി രാഹുല്‍ ഗാന്ധി നടത്തിയ പ്രഭാഷണ പരമ്പരകളില്‍ രാജ്യത്തെ അപമാനിച്ചതിന് അവകാശലംഘനത്തിന് പരാതി നല്‍കുമെന്ന് ബിജെപി പ്രതികരിച്ചു