Asianet News MalayalamAsianet News Malayalam

കോൺഗ്രസ് പ്രവർത്തകസമിതി ഇന്ന് ദില്ലിയിൽ; സംഘടനാ തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചേക്കും

പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷനെ വേണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ അടിയന്തരമായി പ്രവർത്തക സമിതി വിളിക്കണമെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് യോഗം വിളിച്ചിരിക്കുന്നത്. എന്നാൽ ഉത്തർപ്രദേശിലടക്കം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് ശേഷം പുനസംഘടന മതിയെന്ന നിലപാടിലാണ് നേതൃത്വം. 

congress working committee in delhi today
Author
Delhi, First Published Oct 16, 2021, 6:57 AM IST

ദില്ലി: കോൺഗ്രസ് പ്രവർത്തക സമിതി (CWC) യോഗം ഇന്ന് ദില്ലിയിൽ ചേരും. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ (Sonia Gandhi) അധ്യക്ഷതയിൽ രാവിലെ പത്ത് മണിക്ക് എഐസിസി (AICC) ആസ്ഥാനത്താണ് യോഗം. സംഘടന തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതടക്കം നിർണ്ണായകമാണ് ഇന്നത്തെ യോഗം. 

പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷനെ വേണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ അടിയന്തരമായി പ്രവർത്തക സമിതി വിളിക്കണമെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് യോഗം വിളിച്ചിരിക്കുന്നത്. എന്നാൽ ഉത്തർപ്രദേശിലടക്കം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് ശേഷം പുനസംഘടന മതിയെന്ന നിലപാടിലാണ് നേതൃത്വം. അതു വരെ സോണിയ ഗാന്ധി തുടരട്ടെയെന്നാണ് നിലപാട്.

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പൂർണ്ണസമയ പ്രസിഡൻറ് വേണം എന്ന ആവശ്യം ഉയർത്താനാണ് വിമതഗ്രൂപ്പ് ഒരുങ്ങുന്നത്. സംഘടന തെരഞ്ഞെടുപ്പിലൂടെ ഇത് തീരുമാനിക്കാം എന്ന് എഐസിസി യോഗത്തിൽ നിർദ്ദേശിക്കും. തെരഞ്ഞെടുപ്പ് വൈകിക്കേണ്ട. അടുത്ത മാസം അംഗത്വം പുതുക്കൽ തുടങ്ങി അടുത്ത വർഷം ഓഗസ്റ്റോടെ പ്രവർത്തകസമിതി തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയിൽ സമ്മേളനങ്ങൾ നിശ്ചയിക്കാം എന്ന നിർദ്ദേശമാണ് നേതൃത്വത്തിനുള്ളത്. അതുവരെ സോണിയ ഗാന്ധി പ്രസിഡൻറായി തുടരട്ടെ എന്ന നിർദ്ദേശത്തെ വിമതരും എതിർക്കാനിടയില്ലെന്ന് നേതൃത്വം കരുതുന്നു. 

എന്നാൽ സംഘടന തെരഞ്ഞെടുപ്പ് നീണ്ടാൽ പാർട്ടിയിലെ തീരുമാനങ്ങൾ കൂട്ടായെടുക്കാൻ സംവിധാനം വേണം എന്ന് വിമതർ നിർദ്ദേശിക്കും. കനയ്യ കുമാറിനെകൊണ്ടു വന്നത് പോലുള്ള തീരുമാനങ്ങൾ കോർഗ്രൂപ്പ് കൈക്കൊള്ളണം എന്നാണ് വിമതഗ്രൂപ്പിൻറെ ആവശ്യം. ഗുലാംനബി ആസാദ് പി ചിദംബരം തുടങ്ങിയവർ കൂടി ഉൾപ്പെട്ട കോർഗ്രൂപ്പിൽ തീരുമാനങ്ങൾ വരണം എന്നാണി നിർദ്ദേശം.  ഇത് ആരും തന്നിഷ്ടപ്രകാരം എടുക്കേണ്ട തീരുമാനം അല്ലെന്നും വിമതർ വാദിക്കുന്നു. എന്നാൽ സംസ്ഥാനഘടകങ്ങൾക്ക് ഇതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ് നേതൃത്വത്തിൻറെ മറുവാദം. ഉത്തരാഖണ്ടിൽ മുതിർന്ന ബിജെപി നേതാവാണ് പാർട്ടിയിൽ വന്നത്. 

ഗുലാംനബി ആസാദ് പ്രവർത്തകസമിതി ആവശ്യപ്പെട്ട് കത്ത് നല്കിയപ്പോഴുള്ള സ്ഥിതി മാറിയതിൻറെ ആവേശത്തിലാണ് നേതൃത്വം. ലഖിംപുർ ഖേരി കൂട്ടക്കൊലയ്ക്കു ശേഷം പഞ്ചാബിൽ സ്ഥിതി മാറിയതും പ്രവർത്തകസമിതിയിൽ നേതൃത്വത്തിന് മേൽക്കൈ നല്കും. വിമതഗ്രൂപ്പ് കാര്യമായ എതിർപ്പുയർത്തിയാൽ തിരിച്ചടിക്കാനാണ് രാഹുലുമായി ചേർന്നു നില്ക്കുന്നവരും തയ്യാറെടുക്കുന്നത്.

 
 

Follow Us:
Download App:
  • android
  • ios