2012ൽ അഭിഭാഷകൻ നിപുൺ സക്സേന നൽകിയ ഹർജിയിലാണ് നടപടി
ദില്ലി: പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവർ തമ്മിൽ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. 18 വയസ്സിന് താഴെയുള്ളവരുടെ ലൈംഗിക ബന്ധം ലൈംഗിക ബലാത്സംഗമായി കണക്കാക്കുന്ന നിയമവ്യവസ്ഥകളെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചത്.
പോക്സോ നിയമം, ഭാരതീയ ന്യായ സംഹിത തുടങ്ങിയവയിൽ ബലാത്സംഗം നിർവ്വചിക്കുന്ന വകുപ്പുകളിൽ മാറ്റം വരുത്തണം എന്നാണ് അമിക്കസ് ക്യൂറിയുടെ നിർദേശം. 2012ൽ അഭിഭാഷകൻ നിപുൺ സക്സേന നൽകിയ ഹർജിയിലാണ് നടപടി. 16നും 18നും ഇടയ്ക്കുള്ള വയസ്സിൽ നടക്കുന്ന പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കോടതി പ്രഖ്യാപിക്കണമെന്നും, നിലവിലെ വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്നുമാണ് അമിക്കസ് ക്യൂറി നിർദേശിച്ചിരിക്കുന്നത്.


