ദില്ലി: കോടതിയലക്ഷ്യ കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെയുള്ള ശിക്ഷ ഇന്ന്  സുപ്രീംകോടതി തീരുമാനിച്ചേക്കും. ശിക്ഷയിന്മേൽ ജസ്റ്റിസ് അരുണ്‍ മിശ്ര  അധ്യക്ഷനായ കോടതി വാദം കേൾക്കും. കോടതി അലക്ഷ്യത്തിന് പരമാവധി ആറുമാസത്തെ ശിക്ഷയാണ് നൽകാനാവുക. 

പരമാവധി ശിക്ഷ നൽകാനാണ് തീരുമാനമെങ്കിൽ പ്രശാന്ത് ഭൂഷൺ ആറുമാസം ജയിലിൽ പോകേണ്ടിവരും. അതേസമയം കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകാനുള്ള അവകാശമുണ്ടെന്നും ശിക്ഷയിന്മേലുള്ള വാദം കേൾക്കൽ മാറ്റിവയ്ക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

അതിനായി പ്രശാന്ത് ഭൂഷണ്‍ നൽകിയ അപേക്ഷ ഒരുപക്ഷെ, ഇന്ന് ആദ്യം കോടതി പരിശോധിച്ചേക്കും. പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതി നടപടിക്കെതിരെ മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ് ഉൾപ്പടെയുള്ളവര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. 

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേക്കെതിരെ ട്വിറ്ററിൽ നടത്തിയ പരാമര്ശം കോടതി അലക്ഷ്യമെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തൽ. പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതി അലക്ഷ്യം ചെയ്തുവെന്നാണ് സുപ്രീംകോടതി കഴിഞ്ഞ 14ന് വിധിച്ചത്.