ജയ്പൂര്‍: രാജ്യത്ത് ലോക്ഡൗണ്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് നേരെയുള്ള അതിക്രമം തുടരുന്നു. രാജസ്ഥാനില്‍ പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസുകാരെ 
നാട്ടുകാര്‍ മര്‍ദ്ദിച്ചു. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അപലപിച്ചു.

രാജസ്ഥാനിലെ ടോങ്കില്‍ രാവിലെ പത്ത് മണിയോടെയാണ് സംഭവം. കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ള ടോങ്കില്‍ പട്രോളിങ്ങ് നടത്തുകയായിരുന്നു പൊലീസ്. പ്രദേശത്തെ അറവ് ശാലയിലെത്തിയപ്പോഴാണ് അന്പതിലേറെ ആളുകള്‍ പൊലീസിന് നേരെ തിരിഞ്ഞത്. കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.ആക്രമണത്തില്‍ പരിക്കറ്റ മൂന്ന് കോണ്‍സ്റ്റബിള്‍മാരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

പ്രദേശത്ത് കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ പട്രോളിങ്ങ് നടത്താനാണ് പൊലീസ് അവിടെ എത്തിയത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ 12 പേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയുന്ന ചിലര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. കൊവിഡ് പ്രതിരോധത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള അക്രമണം വച്ചുപൊറുപ്പിക്കില്ലെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു. 

ഒരാഴ്ച്ചയ്ക്കിടെ ലോക്ഡൗണ്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പൊലീസുകാരെ ആക്രമിച്ച നാലാമത്തെ സംഭവമാണിത്. ഞായറാഴ്ച്ച പഞ്ചാബിലെ പട്യാലയില്‍ ലോക്ക്ഡൗണ്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന്റെ കൈ അക്രമി സംഘം വെട്ടിമാറ്റിയിരുന്നു.തൊട്ടടുത്ത ദിവസം പഞ്ചാബിലെ തന്നെ ഫരീദ്‌കോട്ടില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊലീസിന് നേരെ വെടിയുതിര്‍ത്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ കൊവിഡ് രോഗലക്ഷണം കണ്ട ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും എതിരെ നാട്ടുകാര്‍ കല്ലെറിഞ്ഞതാണ് മറ്റൊരു സംഭവം.