ബംഗളൂരു: ഇന്ത്യയിലെ മുസ്ലീം വിഭാ​ഗത്തിനെതിരെ വിദ്വേഷ പ്രസം​ഗവുമായി കര്‍ണാടക ബി.ജെ.പി എം.എല്‍.എയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവുമായ എം.പി രേണുകാചാര്യ. പൗരത്വ നിയമ ഭേദ​ഗതിയെ അനുകൂലിച്ചുകൊണ്ടുള്ള റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രേണുകാചാര്യ. പള്ളികളിലിരുന്ന് പ്രാർത്ഥിക്കുന്നതിന് പകരം ആയുധങ്ങൾ ശേഖരിക്കുകയാണ് ചില മുസ്ലീംകൾ ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. 

''പള്ളികളിൽ ഇരുന്നു ഫത്‌വ നൽകുന്ന ചില ദേശവിരുദ്ധരുണ്ട്. പള്ളികൾ പ്രാർത്ഥിക്കാനുള്ളതല്ലേ? പകരം നിങ്ങൾ ചെയ്യുന്നത് ആയുധങ്ങൾ ശേഖരിച്ചുവെക്കുക എന്നതാണ്. ഇതിനാണോ നിങ്ങൾ പള്ളിയില്‍ പോകുന്നത്?" എം.എല്‍.എ ചോദിച്ചു. മുസ്‍ലിം സമുദായത്തിനുള്ള ഫണ്ട് ഹിന്ദുക്കൾക്ക് നൽകുമെന്നും എം.എല്‍.എ ഭീഷണിപ്പെടുത്തി. ''നിങ്ങൾക്കായുള്ള മുഴുവന്‍ ഫണ്ടുകളും ഞങ്ങളുടെ ഹിന്ദു ജനതയ്ക്ക് ഞാൻ നൽകും. നിങ്ങൾ അർഹിക്കുന്ന സ്ഥാനത്ത് നിങ്ങളെയാക്കുകയും പൊളിറ്റിക്സ് എന്താണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യും.'' രേണുകാചാര്യ പറഞ്ഞു.

കർണാടകയിലെ ബി.ജെ.പി നേതാക്കള്‍ ന്യൂനപക്ഷത്തിനെതിരെ വർഗീയ പരാമർശം നടത്തുന്നത് ഇതാദ്യമല്ല. ഭൂരിപക്ഷ സമുദായം നിങ്ങൾക്കെതിരെ തെരുവിലിറങ്ങിയാലുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നായിരുന്നു ബി.ജെ.പി എം‌.എൽ.‌എ സോമശേഖർ റെഡ്ഡി നേരത്തെ പൌരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ ഉയര്‍ത്തിയ ഭീഷണി. ഭൂരിപക്ഷ വിഭാഗം തുനിഞ്ഞിറങ്ങിയാൽ ഇപ്പോൾ സമരം ചെയ്യുന്ന കൂട്ടർ ബാക്കിയുണ്ടാവില്ല. സർക്കാർ വാഹനങ്ങൾക്ക് തീയിടുന്നവരുടെ സ്വത്ത്‌ കത്തിക്കാൻ തങ്ങൾക്ക്  അറിയാമെന്നും സോമശേഖര റെഡ്ഡി പറഞ്ഞിരുന്നു. പ്രകോപനപരമായ പ്രസംഗത്തിന് റെഡ്ഡിക്കെതിരെ പിന്നീട് കേസ് ഫയൽ ചെയ്തിരുന്നു.