ഗായകൻ കൃഷ്ണകുമാർ കുന്നത്ത് എന്ന കെ കെയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരണത്തിൽ ദുരൂഹതയാരോപിച്ച് ബംഗാൾ സർക്കാരിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുമുണ്ട്. 

മുംബൈ: ബോളിവുഡ് ഗായകനും മലയാളിയുമായ, കെ കെ എന്നറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്തിന്‍റെ മൃതദേഹം മുംബൈയില്‍ സംസ്കരിക്കും. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കൊല്‍ക്കത്തയില്‍നിന്നും മുംബൈക്ക് കൊണ്ടുപോയി. രാത്രി എട്ടേകാലോടെ മുംബൈയിലെത്തിക്കും. ഒമ്പതേകാലിന് മുംബൈ വെർസോവയിലെ വസതിയിലെത്തിച്ച ശേഷം പൊതുദർശനമുണ്ടാകും. നാളെ രാവിലെയാണ് സംസ്കാരച്ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. രാവിലെ 9 മണിക്ക് ശേഷം സംസ്കാരം മുംബൈ മുക്തിദാൻ ശ്മശാനത്തിലാണ് നടക്കുക. 

കെ കെയുടെ ഭാര്യ ജ്യോതികൃഷ്ണയും രണ്ട് മക്കളായ നകുലും താമരയും കൊൽക്കത്തയിലെത്തി. ദില്ലിയിലായിരുന്നു മക്കളും ഭാര്യയുമുണ്ടായിരുന്നത്. രബീന്ദ്ര സദനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി മമത ബാനർജിയടക്കമുള്ളവർ പങ്കെടുത്തു. കെ കെയുടെ മൃതദേഹത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആദരാഞ്ജലികൾ അർപ്പിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് കെ കെയുടെ മൃതദേഹത്തിന് സമീപത്തേക്ക് നടക്കുന്ന ഭാര്യ ജ്യോതികൃഷ്ണയുടെ ദൃശ്യങ്ങൾ കാണികളിലും തീരാവേദനയായി. രാജ്യം കണ്ട ഏക്കാലത്തെയും മികച്ച ഗായകന് ഔദ്യോഗിക ബഹുമതികളോടെയാണ് കൊല്‍ക്കത്ത വിട നല്‍കിയത്. 

പൊട്ടിക്കരഞ്ഞുകൊണ്ട് കെ കെയുടെ മൃതദേഹത്തെ അനുഗമിക്കുന്ന ഭാര്യ ജ്യോതികൃഷ്ണ

മരണത്തിൽ കേസെടുത്ത് കൊൽക്കത്ത പൊലീസ്

കൊൽക്കത്തയിലെ നസ്‍രുൾ മഞ്ച ഓഡിറ്റോറിയത്തിൽ രാത്രി എട്ടര വരെ പരിപാടി അവതരിപ്പിച്ച ശേഷമാണ് കെ കെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയത്. രാത്രി പത്തരയോടെ ക്ഷീണം അനുഭവപ്പെട്ട കെ കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കെ കെയെ സിഎംആ‌ർഐ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് തന്നെ അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചിരുന്നു. 

കെ കെയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത പോലീസ് കേസെടുത്തു. അതേസമയം മരണത്തില്‍ ദുരൂഹതയാരോപിച്ച് ബംഗാൾ സർക്കാറിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

കെ കെയുടെ മുഖത്തും തലയിലും മുറിവേറ്റിട്ടുണ്ട്. ഇത് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത ന്യൂ മാര്‍ക്കറ്റ് പോലീസ് കേസെടുക്കുകയായിരുന്നു. കൊല്‍ക്കത്ത ജോയിന്‍റ് കമ്മീഷണറുടെ നേതൃത്വത്തില്‍ കെകെ താമസിച്ച സ്വകാര്യ ഹോട്ടലില്‍ പരിശോധന നടത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. രണ്ടുപേരെ ചോദ്യം ചെയ്തു. 

കെ കെയുടെ മൃതദേഹം രബീന്ദ്രമൈദാനിലേക്ക് കൊണ്ടുവരുന്നു

പരിപാടി സംഘടിപ്പിച്ചതിൽ പാകപ്പിഴ?

പരിപാടിക്കിടെ ചൂട് സഹിക്കാനാകാതെ കെ കെ അസ്വസ്ഥനാകുന്ന ദൃശ്യങ്ങൾ അദ്ദേഹത്തിന്‍റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ആയുധമാക്കിയാണ് ബംഗാള്‍ സര്‍ക്കാരിനെതിരെ ബിജെപി തിരിഞ്ഞത്. പരിപാടി നടന്ന സർക്കാർ ഓഡിറ്റോറിയമായ നസറുൾ മഞ്ചയിലെ എസി പോലും മര്യാദയ്ക്ക് പ്രവർത്തിച്ചിരുന്നില്ലെന്നും, പരിധിയിലധികം ആളുകളെത്തിയ ചടങ്ങില്‍ ഗായകന് വേണ്ടത്ര സുരക്ഷയൊരുക്കിയില്ലെന്നും ബിജെപി എംപി ദിലീപ് ഘോ‌ഷാണ് ആരോപണമുന്നയിച്ചത്.

എന്നാല്‍ ഇന്നലെ രാത്രിമുതല്‍ തന്നെ ഗായകന് സൗകര്യങ്ങളൊരുക്കാനും മറ്റ് നടപടികൾക്കുമായി തന്‍റെ സഹപ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി മമത ബാനർജി മറുപടി നല്‍കി. 

കെ കെയും ഭാര്യ ജ്യോതിയും

Read More: ബഹുമുഖ ഗായകന്‍, ഗാനത്തിലെ വൈവിദ്ധ്യം; കേള്‍വിക്കാരെ ത്രസിപ്പിച്ച കെകെയുടെ ഗാനങ്ങള്‍