ദില്ലി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസ്താവന നടത്തിയതിന് ബി‍ജെപി നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകും. കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂ‍ർ, പർവേശ് വെർമ്മ എംപി എന്നിവരോട് വ്യാഴാഴ്ച പന്ത്രണ്ട് മണിക്കുള്ളിൽ വിശദീകരണം നൽകാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഇരുവരേയും ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഉത്തരവിട്ട് ബിജെപിക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ ഒറ്റുകാരെ വെടിവച്ചു കൊല്ലണമെന്ന് മുദ്രാവാക്യം വിളിപ്പിക്കാന്‍ അനുരാഗ് ഠാക്കൂര്‍ പ്രേരിപ്പിക്കുകയായിരുന്നു. ഷഹീൻ ബാഗിലെ പ്രതിഷേധക്കാർക്കെതിരെയും അരവിന്ദ് കെജ്രിവാളിനെതിരെയും നടത്തിയ വർഗീയ പരാമർശത്തിലാണ് പർവേശ് വെർമ്മയോട് വിശദീകരണം തേടിയിട്ടുള്ളത്. ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ വീടുകളില്‍ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുമെന്നായിരുന്നു പര്‍വേശ് വെര്‍മ്മയുടെ വിവാദ പരാമര്‍ശം. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും എട്ട് ബിജെപി എം പിമാർക്കുക്കെതിരെ ആം ആദ്മി പാർട്ടി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ദില്ലിയിലെ സ്കൂളുകളുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി.