സ്വന്തം സമുദായത്തേക്കുറിച്ച് അഭിമാനവും ആദരവും സംസ്കാരം പിന്തുടരുന്നതിനുള്ള പിന്തുണയും കുട്ടികള്‍ക്ക് വീടുകളില്‍ നിന്ന് ലഭിക്കണം. ഹിന്ദു കുടുംബങ്ങളില്‍ നിന്ന് ബാല്യകാലങ്ങളില്‍ മതവും ആചാരവും സംബന്ധിച്ച അഭിമാനം കുട്ടികളില്‍ നിറയ്ക്കാത്തതാണ് ചെറുപ്പക്കാര്‍ മറ്റ് മതങ്ങളിലേക്ക് പോവുന്നതടക്കം സംഭവിക്കാന്‍ കാരണമെന്നും മോഹന്‍ ഭാഗവത്

വിവാഹത്തിന്(Marriage) വേണ്ടി മറ്റ് മതങ്ങളിലേക്ക് ഹിന്ദുവിഭാഗത്തിലുള്ളവര്‍ മാറുന്നത് (Religious Conversion)തെറ്റാണെന്ന് ആര്‍എസ്എസ് (RSS)മേധാവി മോഹന്‍ ഭാഗവത്(Mohan Bhagwat ). വളരെ ചെറിയ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത് സംഭവിക്കുന്നത്. ഹിന്ദു കുടുംബങ്ങളില്‍ നിന്ന് ബാല്യകാലങ്ങളില്‍ മതവും ആചാരവും സംബന്ധിച്ച അഭിമാനം കുട്ടികളില്‍ നിറയ്ക്കാത്തതാണ് ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണമെന്നും മോഹന്‍ ഭാഗവത് ഞായറാഴ്ച പറഞ്ഞു.

എന്തുകൊണ്ടാണ് മതപരിവര്‍ത്തനം നടത്തുന്നത്. എങ്ങനെയാണ് നമ്മുടെ ആണ്‍മക്കളും പെണ്‍മക്കളും മറ്റ് മതവിശ്വാസങ്ങളിലേക്ക് പോവുന്നത്. വിവാഹത്തിന് വേണ്ടിയാണോ? അങ്ങനെ ചെയ്യുന്നത് തെറ്റായ കാര്യമാണ് എന്നത് മറ്റൊരു വിഷയമാണ്. എന്നാല്‍ നമ്മള്‍ അവരെ തയ്യാറാക്കുന്നില്ലേ എന്നതാണ് ചോദ്യം. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. സ്വന്തം സമുദായത്തേക്കുറിച്ച് അഭിമാനവും ആദരവും സംസ്കാരം പിന്തുടരുന്നതിനുള്ള പിന്തുണയും കുട്ടികള്‍ക്ക് വീടുകളില്‍ നിന്ന് ലഭിക്കണം. അവര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഒഴിഞ്ഞുമാറാതെ മറുപടി നല്‍കണം. മറുപടി നല്‍കാതെ ആശയക്കുഴപ്പത്തിലാവരുത്. അവര്‍ക്ക് മൂല്യങ്ങള്‍ നല്‍കേണ്ടത് വീടുകളില്‍ നിന്നാണെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.

ബിജെപി ഭരണത്തിലുള്ള വിവിധ സംസ്ഥാനങ്ങളില്‍ ലവ് ജിഹാദിനെതിരായ നിയമ സംവിധാനം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഈര്‍ജ്ജിതമാകുമ്പോഴാണ് മോഹന്‍ ഭാഗവതിന്‍റെ ഈ പരാമര്‍ശം എന്ന്ത് ശ്രദ്ധേയമാണ്. ആര്‍എസ്എസ് യോഗങ്ങളില്‍ പുരുഷന്‍മാരെ മാത്രം കാണുന്നതിനേക്കുറിച്ച് സംസാരിക്കാനും മോഹന്‍ ഭാഗവത് മടിച്ചില്ല. ആര്‍എസ്എസിന്‍റെ പ്രവര്‍ത്തനം ഹിന്ദു സമുദായത്തെ ലക്ഷ്യമാക്കിയാണ്. എന്നാല്‍ ആര്‍എസ്എസ് പരിപാടികളില്‍ പുരുഷന്മാരെ മാത്രമാണ് കാണുന്നത്. സമുദായത്തിന് വേണ്ടി നടത്തുന്ന പരിപാടികളില്‍ അന്‍പത് ശതമാനമെങ്കിലും വനിതാ പങ്കാളിത്തം വേണമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.