Asianet News MalayalamAsianet News Malayalam

'മദ്യഷാപ്പുകൾ ​ഗോശാലകളാക്കി മാറ്റണം'; മധ്യപ്രദേശിൽ സർക്കാറിനെ വെട്ടിലാക്കി ഉമാഭാരതി

ഉമാഭാരതിയുടെ സമ്മർദ്ദത്തെ തുടർന്ന് മദ്യനയം പ്രഖ്യാപിക്കുന്നത് നീട്ടിവെച്ചു. തുടർന്നാണ് ഉമാഭാരതി ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്.

converting liquor outlets into cow shelters. says Uma Bharti prm
Author
First Published Feb 1, 2023, 2:20 PM IST

ഭോപ്പാൽ: മധ്യപ്രദേശിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണെന്നും മദ്യമാണ് പ്രധാന കാരണമെന്നും ബിജെപി മുതിർന്ന നേതാവ് ഉമാഭാരതി. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന മദ്യഷോപ്പുകൾ ​ഗോശാലകളായി മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. മദ്യത്തിനെതിരെ ക്ഷേത്രത്തിൽ നടത്തിയ നാല് ദിവസത്തെ ഉപവാസം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. മധുശാല മേം ​ഗോശാല പ്രചാരണം ആരംഭിച്ചെന്നും അവർ പറഞ്ഞു. മദ്യനയത്തിലൂടെ മദ്യത്തെ നിയന്ത്രിക്കണമെന്നും അവർ സർക്കാറിനോടാവശ്യപ്പെട്ടിരുന്നു.

ശനിയാഴ്ചയാണ് അയോധ്യ ന​ഗറിലെ മദ്യശാലക്ക് സമീപമുള്ള ക്ഷേത്രത്തിൽ എത്തിയത്. മദ്യനയം പ്രഖ്യാപിക്കുന്ന ജനുവരി 31വരെ ക്ഷേത്രത്തിൽ തുടരുമെന്ന് അന്ന് ഉമാഭാരതി പറഞ്ഞു. ഉമാഭാരതിയുടെ സമ്മർദ്ദത്തെ തുടർന്ന് മദ്യനയം പ്രഖ്യാപിക്കുന്നത് നീട്ടിവെച്ചു. തുടർന്നാണ് ഉമാഭാരതി ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്. ഓർച്ചയിലെ പ്രശസ്തമായ രാം രാജ സർക്കാർ ക്ഷേത്രത്തിന് സമീപം അനധികൃതമായി മദ്യശാല പ്രവർത്തിക്കുന്നുണ്ടെന്ന് ഉമാഭാരതി ആരോപിച്ചു. ഇനി മദ്യനയത്തിന് കാത്തുനിൽക്കില്ല. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന മദ്യശാലകൾ ​ഗോശാലകളാക്കി മാറ്റുമെന്നും അവർ സർക്കാറിന് മുന്നറിയിപ്പ് നൽകി. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന മദ്യശാലകൾക്ക് മുന്നിൽ 11 പശുക്കളെ കൊണ്ടുവരാനും മുൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

ഈ പശുക്കൾക്ക് ഞാൻ തീറ്റയും വെള്ളവും നൽകും. എന്നെ ആര് തടയുമെന്ന് കാണട്ടെയെന്നും അവർ വെല്ലുവിളിച്ചു. രാമദേവന്റെ പേരിലാണ് സർക്കാർ രൂപീകരിച്ചത്. എന്നാൽ, രാമക്ഷേത്രത്തിന് സമീപം മദ്യഷോപ്പ് പ്രവർത്തിക്കുന്നു. മോദി മാജിക്കുകൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. സർക്കാർ രൂപീകരിക്കുക എന്നത് വലിയ കാര്യമല്ല. ആരോഗ്യകരമായ ഒരു സമൂഹം സൃഷ്ടിക്കുകയും സ്ത്രീകളുടെ സംരക്ഷണവും കുട്ടികളുടെ ഭാവിയും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് വലിയ കാര്യം.

മദ്യത്തിനെതിരായ പ്രചാരണത്തിൽ രാഷ്ട്രീയ താൽപര്യമില്ല. താൻ മുഖ്യമന്ത്രി സ്ഥാനവും കേന്ദ്രമന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്.ഇനി പ്രധാനമന്ത്രി സ്ഥാനമേ ലഭിക്കാനുള്ളൂ. മദ്യനിരോധന പ്രക്ഷോഭം മൂലം എനിക്ക് പ്രധാനമന്ത്രി സ്ഥാനം ലഭിക്കുമോയെന്നും ബിജെപിയിലെ ഒരു വിഭാഗം ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഉമാഭാരതി പറഞ്ഞു. മദ്യനിരോധനം ഏർപ്പെടുത്തിയ ഗുജറാത്തിൽ സ്ത്രീകൾ  രാത്രിയിൽ സ്വതന്ത്രമായി നടന്ന് 'ഭേൽപുരി' കഴിക്കുന്നുവെന്നും ഉമാ ഭാരതി പറഞ്ഞു.

Follow Us:
Download App:
  • android
  • ios