ഇംഫാല്‍(മണിപ്പൂര്‍): ബിജെപി നേതാവ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പുരസ്‌കാരം തിരിച്ചു നല്‍കി മണിപ്പൂര്‍ അസി. പൊലീസ് സൂപ്രണ്ട് തൗനോജം ബ്രിന്ദ. മയക്കുമരുന്ന് കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടി മെഡല്‍ തിരിച്ചു നല്‍കുകയാണെന്ന് ബ്രിന്ദ മുഖ്യമന്ത്രി എന്‍ ബിരെന്‍ സിംഗിന് കത്തെഴുതി.

2018 ഓഗസ്റ്റ് 13നാണ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ബ്രിന്ദക്ക് മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ചത്. കേസന്വേഷണവും പ്രൊസിക്യൂഷനും പരാജയമാണെന്ന് ലാംഫെല്‍ എന്‍ഡി ആന്‍ഡ് പിഎസ് കോടതി നിരീക്ഷിച്ചിരുന്നു. ബിജെപി എഡിഎസ് ചെയര്‍മാന്‍ ലുഖോസി സു അടക്കം ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. എന്നാല്‍ കോടതി ഇവരെ വെറുതെ വിട്ടു.

വന്‍ തുകയുടെ മയക്കുമരുന്ന് പിടികൂടിയ കേസിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. തനിക്ക് തൃപ്തികരമായ രീതിയിലല്ല അന്വേഷണം നടന്നത്. അതുകൊണ്ടു തന്നെ ധാര്‍മ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുകയാണ്. പുരസ്‌കാരം നേടാന്‍ അര്‍ഹല്ലെന്ന് തോന്നി. ഇനിയും വിശ്വസ്തയും അര്‍പ്പണ ബോധവുമുള്ള ഓഫിസറായി തുടരുമെന്നും അവര്‍ പറഞ്ഞു.