Asianet News MalayalamAsianet News Malayalam

കൈക്കൂലിക്കേസിൽ വിജിലൻസ് പിടിച്ചു, പണം വിഴുങ്ങി പൊലീസ് ഉദ്യോ​ഗസ്ഥൻ: വീഡിയോ

ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. പോത്തുമോഷണക്കേസിലാണ് പൊലീസ് ഉദ്യോ​ഗസ്ഥൻ കൈക്കൂലി വാങ്ങിയത്

cop tries to swallow cash after caught in bribery case
Author
First Published Dec 14, 2022, 2:42 PM IST

ഫരീദാബാദ്: കൈക്കൂലി വാങ്ങിയതിന്റെ പേരിൽ വിജിലൻസ് പിടിയിലായ പൊലീസ് ഉദ്യോ​ഗസ്ഥൻ രക്ഷപ്പെടാനായി പണം വിഴുങ്ങി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. പോത്തുമോഷണക്കേസിലാണ് പൊലീസ് ഉദ്യോ​ഗസ്ഥൻ കൈക്കൂലി വാങ്ങിയത്. സബ് ഇൻസ്പെക്ടർ മഹേന്ദ്ര എന്ന ഉദ്യോ​ഗസ്ഥനാണ് പണം വിഴുങ്ങി രക്ഷപ്പെടാൻ ശ്രമം നടത്തിയത്. ബല്ലഭ്​ഗഡിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. 

1.38 മിനിറ്റ് ദൈർഘ്യമുളള വീഡിയോയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ പണം വിഴുങ്ങി ചവച്ചരക്കുന്നത് കാണാം. വായിൽ നിന്ന് പണം തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ വിജിലൻസ് ഉദ്യോ​ഗസ്ഥരും നടത്തുന്നുണ്ട്. പോത്തു മോഷണക്കേസിലാണ് ശംഭുനാഥ് എന്നയാളോട് പൊലീസ് ഉദ്യോ​ഗസ്ഥൻ കൈക്കൂലി വാങ്ങിയത്. 10000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. അതിൽ 6000 രൂപ കൊടുത്തിരുന്നു. 

പിന്നീട് 4000 രൂപ കൂടി ആവശ്യപ്പെട്ടപ്പോൾ ശംഭുനാഥ് വിജിലൻസിനെ വിവരമറിയിച്ചു. തുടർന്നാണ് വിജിലൻസ് സംഘം എത്തി പൊലീസ് ഉദ്യോ​ഗസ്ഥനെ കയ്യോടെ പിടികൂടിയത്. ആദ്യം ഇയാൾ 15000 രൂപയാണ് ആവശ്യപ്പെട്ടതെന്നും പിന്നീടത് പതിനായിരമാക്കി കുറച്ചതാണെന്നും പരാതിക്കാരൻ വിശദമാക്കി.  പൊലീസ് ഓഫീസർക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios