അലിഗഢ്: പള്ളിയില്‍ നമസ്‌കാരത്തിനായി ഒത്തുകൂടിയവരെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിന് നേരെ ആക്രമണം. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. പൊലീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയയാളെയും മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അലിഗഢ് ബന്നാദേവി ഏരിയയിലെ തകിയ പള്ളിയില്‍ നമസ്‌കാരത്തിനായി 25ഓളം പേര്‍ ഒത്തുചേര്‍ന്നു. ഇത് പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. നമസ്‌കാരം നിര്‍ത്തി അവരവരുടെ വീടുകളില്‍ പോകണമെന്നും സമൂഹ അകലം പാലിക്കണമെന്നും നിര്‍ദേശിച്ച പൊലീസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ രണ്ട് പൊലീസ് ജീവനക്കാര്‍ക്ക് പരിക്കേറ്റു.

കനൗജിലും പാലിയയിലും സമാനസംഭവമുണ്ടായി. വെള്ളിയാഴ്ച നമസ്‌കാരം തടയാന്‍ ശ്രമിച്ച പൊലീസിന് നേരെ ഒരു സംഘം കല്ലെറിഞ്ഞു. മുസഫര്‍നഗറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിക്കുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കാനും ഉത്തരവിട്ടിരുന്നു. 

രാമനവമി ദിവസത്തില്‍ ബംഗാളിലും തെലങ്കാനയിലും ലോക്ക്ഡൗണ്‍ ലംഘിച്ച് ആളുകള്‍ കൂട്ടംകൂടിയത് പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു.