ദില്ലി: കൊറോണ വൈറസ് ബാധിത മേഖലയായ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ചൈനയുടെ അനുമതി. രണ്ട് വിമാനങ്ങൾക്ക് ചൈന അനുമതി നൽകിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശ കാര്യ വക്താവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതില്‍ കുഴപ്പമില്ലെന്ന് വിദ്യാർത്ഥികളിൽ നിന്ന് സമ്മതപത്രം വാങ്ങിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. നാട്ടിലേക്ക് മടങ്ങേണ്ട തീയ്യതിയും മറ്റ് കാര്യങ്ങളും ഉടൻ അറിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ വേണ്ട നിർദ്ദേശങ്ങൾ അടങ്ങിയ സന്ദേശം വിദ്യാർത്ഥികൾക്ക് നൽകികഴിഞ്ഞിട്ടുണ്ട്.

 

നേരത്തെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ചൈന ആദ്യം സമ്മതംമൂളിയിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നിലപാടില്‍ അയവുണ്ടായത്. പകര്‍ച്ചവ്യാധി മേഖലയില്‍  നിന്ന് മറ്റൊരു സ്ഥലത്തേക്ക് ആളുകളെ കൂട്ടത്തോടെ മാറ്റുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ നിലപാട് ചൂണ്ടികാട്ടിയാണ് ചൈന ആദ്യം തടസ്സം പറഞ്ഞത്. വുഹാന്‍ മേഖലയില്‍ മലയാളികളടക്കം നിരവധി ഇന്ത്യാക്കാരാണുള്ളത്.

അതേ സമയം ഇന്ത്യയില്‍ വൈറസ് ബാധയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍ക്ക് പുറമെ തുറമുഖങ്ങളിലും പരിശോധന  നടക്കും. 8 വിമാനത്താവളങ്ങളില്‍ കൂടി പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിയും തിരുവനന്തപുരമടക്കം രാജ്യത്തെ 21 വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്ക്രീനിംഗ് സജ്ജമാകും. സാമ്പിള്‍ പരിശോധനക്ക് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കൂടാതെ നാല് ലാബുകള്‍  കൂടി തയ്യാറാക്കും.

അതേസമയം ചൈനയില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചിട്ടുണ്ട്. ചൈനയില്‍ പോയി വന്നവര്‍ സുരക്ഷ മുന്‍നിര്‍ത്തി ആരോഗ്യവകുപ്പ് മുന്നോട്ട് വയ്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. "ചൈനയില്‍ നിന്നും വരുന്നവര്‍ മറ്റ് സ്ഥലങ്ങളില്‍ യാത്ര ചെയ്യാതെ നേരെ വീടുകളിലെത്തി സ്വയം പ്രതിരോധം തീര്‍ക്കണം. വീട്ടിനുള്ളില്‍ ആരുമായി സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍ തന്നെ 28 ദിവസം കഴിയേണ്ടതാണ്. പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എല്ലാ ജില്ലകളിലും സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സ സംവിധാനവുമായി നേരിട്ട് ബന്ധപ്പെട്ട ശേഷം അവിടെ എത്തേണ്ടതാണ്. മറ്റൊരു ആശുപത്രിയിലും പോകേണ്ടതില്ല. ഇത്തരം സംവിധാനങ്ങളുടെ ഫോണ്‍ നമ്പരും വിശദ വിവരങ്ങളും 0471 255 2056 എന്ന നമ്പരില്‍ വിളിച്ചാല്‍ ലഭ്യമാകും"

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആകെ 806 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 19 പേരില്‍ ഒന്‍പത് പേരെ ഡിസ്ചാര്‍ജ് ചെയ്‍തു. 16 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 10 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് പേരുടെ ഫലം വരാനുണ്ട്. ബുധനാഴ്ച അഡ്മിറ്റാക്കിയ മൂന്ന് പേരുടെ സാമ്പിളുകളും എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.