ബെയ്ജിങ്ങ്: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ 46 പേർകൂടി മരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 259 ആയി. ചൈനയില്‍ വെള്ളിയാഴ്ച പുതിയതായി 2,102 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 11,791 ആയി ഉയർന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഹുബെ പ്രവിശ്യയിലാണ് വെള്ളിയാഴ്ച കൊറോണ വൈറസ് ബാധമൂലം 45 പേർ മരിച്ചത്. ഇതോടെ പ്രദേശത്ത് മരിച്ചവരുടെ എണ്ണം 249 ആയി. 1,347 പേർക്കുകൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഹുബെയിൽ മാത്രം മൊത്തം 7,153 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

അതേസമയം, കൊറോണ വൈറസ് പടരാതിരിക്കാൻ വൻ മുൻ കരുതലുകളാണ് ലോകരാജ്യങ്ങൾ കൈക്കൊള്ളുന്നത്. വിദേശ പൗരന്മാർക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയന്ത്രണമേർപ്പെടുത്തി. 14 ദിവസത്തിനുമുമ്പ് ചൈനയിലെ ഹുബെ പ്രവിശ്യ സന്ദർശിച്ച യുഎസ് പൗരൻമാർ നി​ർബന്ധമായും പരിശോധനകൾക്ക് വിധേയരാകണമെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ത്യ അടക്കമുള്ള കൂടുതല്‍ രാജ്യങ്ങളിലേക്ക്‌ വൈറസ് ബാധിച്ചതോടെ ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പുതിയതായി നാല് രാജ്യങ്ങളില്‍ കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം കൊറോണ ബാധിത രാജ്യങ്ങളുടെ എണ്ണം 27 ആയി.