ദില്ലി: തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കൊവിഡ് കണക്കുകളില്‍ ആശ്വാസം.
നാല് മാസത്തിന് ശേഷം കൊവിഡ് പ്രതിദിന വര്‍ധന മുപ്പതിനായിരത്തിന്
താഴെയെത്തി. തിരക്ക് നിയന്ത്രിക്കാനാവാത്ത വ്യാപാര കേന്ദ്രങ്ങള്‍ അടയ്ക്കുമെന്ന് ദില്ലി സര്‍ക്കാര്‍ സൂചന നല്‍കി.

ജൂലൈ പതിനഞ്ചിന് ശേഷം ഇതാദ്യമായാണ്  രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം
മുപ്പതിനായിരത്തിന് താഴെയെത്തുന്നത്.  സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ
പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പ്രതിദിന രോഗികളുടെ എണ്ണം കുറച്ചതെന്ന്
കേന്ദ്ര സര്‍ക്കാര്‍ ആവകാശപ്പെടുന്പോഴും പ്രതിദിന പരിശോധന  എട്ടര ലക്ഷം
മാത്രമാണ് ഇന്നലെയും. പന്ത്രണ്ട് ലക്ഷത്തിലറെ പ്രതിദിന പരിശോധന രാജ്യത്ത്
നടന്നിരുന്ന സ്ഥാനത്താണ് കഴിഞ്ഞ ദിവസങ്ങളില്‍  എട്ടര ലക്ഷത്തിലേക്ക്
പരിശോധന താണത്.  കേരളം, ദില്ലി, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ
സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പ്രതിദിന രോഗികള്‍. നിയന്ത്രണങ്ങള്‍
കടുപ്പിച്ച് പരിശോധന കുത്തനെ കൂട്ടാനാണ് ദില്ലി ഒരുങ്ങുന്നത്. തിരക്കുള്ള മാര്‍ക്കറ്റുകളടച്ചിടാനുള്ള ശുപാര്‍ശ കേന്ദ്രത്തിന് സമര്‍പ്പിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. രോഗ വ്യാപനം
തടയാന്‍  നിയന്ത്രണം അനിവാര്യമെന്നും ദില്ലി മുഖ്യമന്ത്രി വിശദീകരിച്ചു.

ആര്‍ടിപിസിആര്‍ പരിശോധന കൂട്ടാനുള്ള  അമിത് ഷായുടെ യോഗത്തിലെ തീരുമാനം
ഇന്നു മുതല്‍ ദില്ലിയില്‍ നടപ്പായിത്തുടങ്ങി.  ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് പരിക്കാനുള്ള സിആര്‍പിഎഫ് ഡോക്ടര്‍മാരും തലസ്ഥാനത്തെത്തി. സൈനിക
ആശുപത്രികളിലടക്കം 750 ഐസിയു കിടക്കകളും സജ്ജമാക്കി.