ചെന്നൈ: അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഐഐടി മദ്രാസ് ക്യാമ്പസ് അടച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 71 കൊവിഡ് കേസുകളാണ് ക്യാമ്പസിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. ഇതിൽ 66 പേർ വിദ്യാർത്ഥികളാണ്. ഞായറാഴ്ച മാത്രം 32 പേർക്ക് കൊവ‍ിഡ് റിപ്പോർട്ട് ചെയ്തതോടെയാണ് ക്യാമ്പസിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. 

മുഴുവൻ വിദ്യാർത്ഥികൾക്കും കൊവിഡ് പരിശോധന നടത്താൻ തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് വ്യാപിച്ചതോടെ ക്യാമ്പസിലെ മെസ്സ് മാത്രം പ്രവർത്തിച്ചാൽ മതിയെന്ന് തീരുമാനിച്ചിരുന്നു. ഇതാണ് രോ​ഗം വ്യാപിക്കാൻ കാരണമെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ഹോട്ട്സ്പോട്ട് ആയതോടെ എല്ലാ ഡിപ്പാർട്ട്മെന്റുകളും സെന്ററുകളും തീരുമാനിച്ചു. 

ബിരുദബിരുദാനന്തര വിദ്യാർത്ഥികളും ​ഗവേഷണ വിദ്യാർത്ഥികളും മുറികളിൽ തുടരും. അവർക്കുള്ള ഭക്ഷണം മുറികളിൽ എത്തിക്കും. ക്യാമ്പസിലേക്ക് തിരിച്ചെത്തുന്ന വിദ്യാർത്ഥികൾക്ക് രണ്ടാഴ്ചത്തെ ക്വാറന്റീൻ ഉറപ്പാക്കും. കൊവിഡ് ബാധിച്ച വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ നില തൃപ്തികരമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.