ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 400 കടന്നു. ഇന്നലെ മാത്രം 68 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിലെ ചേരിയിലും കൊവിഡ് സ്ഥിരീകരിച്ചതോടെ 23,000 ചേരി നിവാസികളെ ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നു. മുംബൈയിലെ ചേരിയിലും കൊവിഡ് സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.  മുംബൈ സെന്‍ട്രലിലെ 23000 ചേരി നിവാസികളെയാണ് ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കിയത്.

എല്ലാദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തുന്നു. പരിശോധിക്കുന്നു. ജോലിക്ക് പോവുന്നതിന് വിലക്കുണ്ട്. കുടിലുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പൊലിസ് കര്‍ശനമായി പറഞ്ഞിട്ടുണ്ട്. വീട്ടുജോലിക്ക് പോയി കുടുംബം നോക്കിയ 69കാരിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ മുംബൈ സെന്‍ട്രലിലെ ചേരിയിലെ അവസ്ഥ ഇങ്ങനെയായത്. 

അമേരിക്കയില്‍ നിന്നെത്തിയ 49കാരന്റെ വീട്ടില്‍ ജോലിക്ക് നിന്നതായിരുന്നു. അയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വീട്ടുജോലിക്കാരിയെയും പരിശോധിച്ചു. ഒറ്റമുറിക്കുടിലുകളില്‍ അടുത്തിടപഴകി കഴിയുന്നവരാണ് ചേരി നിവാസികള്‍. സമൂഹവ്യാപനമെന്ന ഘട്ടം ഏറ്റവും വേഗത്തില്‍ പടരാന്‍ ഇടമുള്ള സ്ഥലവുമാണിത്. 

മുംബൈയില്‍ പലമേഖലകളിലായി നിരവധി ചേരികളാണുള്ളത്. ഇത് മുന്നില്‍ കണ്ടാണ് മുംബൈ സെന്‍ട്രലിലെ ചേരിയില്‍ രോഗംസ്ഥിരീകരിച്ചതിന് പിന്നാലെ 23000 പേരെയും നിരീക്ഷണത്തിലാക്കിയത്. പലര്‍ക്കും രേഖകളൊന്നും ഇല്ലാത്തതും പരിശോധനകളോട് സഹകരിക്കാത്തതും ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് ഒട്ടാകെ നിരീക്ഷത്തില്‍ കഴിയാതെ മുങ്ങിയതിന് 500ലേറെ കേസുകള്‍ രജസിറ്റര്‍ ചെയ്തതായി ആഭ്യന്തര വകുപ്പും അറിയിച്ചു


കൂടുതല്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂര്‍ണമായി അടച്ചിടുന്നു


കൊവിഡ് 19 പ്രതിരോധിക്കാന്‍ ജനത കര്‍ഫ്യുവിന് പിന്നാലെ രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂര്‍ണമായി അടച്ചിടുന്നു. ദില്ലി കൂടാതെ രാജസ്ഥാന്‍ , പഞ്ചാബ്, ഉത്തരാഖണ്ഡ് , ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജമ്മുകശ്മീര്‍ ലഡാക്ക്,ചണ്ഡിഗഡ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടച്ചിടും. 

തെലങ്കാനയും ആന്ധ്രയും മുഴുവന്‍ അതിര്‍ത്തികളും അടച്ചു. അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കില്ല. മുഴുവന്‍ ദിവസ വേതനക്കാര്‍ക്കും ആന്ധ്ര 1000 രൂപ സഹായം പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കുടുബത്തിലെ ഒരാള്‍ക്ക് മാത്രമാണ് തെലങ്കാനയില്‍ അനുമതി. കര്‍ണാടകത്തില്‍ 9 ജില്ലകളിലാണ് ലോക്ക് ഡൌണ്‍. ബെംഗളൂരു നഗരത്തിലേക്കും പുറത്തേക്കും യാത്ര വിലക്കി. സംസ്ഥാനത്ത് ഇന്ന് പൊതുഗതാഗതം ഇല്ല.

അതേസമയം പാര്‍ലമെന്റ് സമ്മേളനം ഇന്ന് വെട്ടിച്ചുരുക്കിയേക്കും. പല സംസ്ഥാനങ്ങളുടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണിത്. ധനബില്ല് ഇന്ന് ലോക്‌സഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബില്ല് പാസാക്കിയ ശേഷം ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിയും.

മധ്യപ്രദേശില്‍ ബിജെപി നിയമസഭാ പാര്‍ട്ടി യോഗം ഇന്ന് ചേരും. ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രിയായി യോഗം പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ദിവസം ചേരേണ്ട യോഗം ജനത കര്‍ഫ്യൂ മൂലമാണ് മാറ്റിവച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ബിജെപി ഇന്ന് തന്നെ ഗവര്‍ണ്ണറെ കാണുമെന്നും സൂചനയുണ്ട്.

.