മുംബൈ: കൊറോണ വൈറസ് ബാധിച്ച ​ഗർഭിണി ആരോ​ഗ്യമുള്ള പെൺ കുഞ്ഞിന് ജന്മം നൽകി. മുംബൈയിലെ നാനാവതി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് മുപ്പത്തി അഞ്ചുകാരി കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ അമ്മയിൽ നിന്ന് മാറ്റി പ്രത്യേക പരിചരണത്തിലാക്കിയിട്ടുണ്ട്. ഇരുവരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

കുഞ്ഞിന്റെ ജനനം കുടുംബത്തിന് മാത്രമല്ല, കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ജീവൻ രക്ഷിക്കാൻ പരിശ്രമിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സന്തോഷം പകരുന്ന വാർത്തയായി മാറി. ​ഗർഭിണിയെ ആദ്യം പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. കൊവി‍ഡ് ലക്ഷണങ്ങളൊന്നുമില്ലെങ്കിലും, പ്രോട്ടോക്കോൾ അനുസരിച്ച് പ്രസവത്തിന് മുമ്പ് യുവതിയുടെ സാമ്പിൾ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ഇവർക്ക് വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

സ്വകാര്യ ആശുപത്രിയിൽ കൊവിഡ് -19 പോസിറ്റീവ് രോഗികൾക്ക് പ്രസവ യൂണിറ്റ് ഇല്ലാത്തതിനാൽ യുവതിയെ നാനാവതി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഞങ്ങളെല്ലാം വളരെയധികം സമ്മർദ്ദത്തിലായിരുന്നുവെന്നും ആശുപത്രിയിലെ ഡോക്ടർമാരും കോർഡിനേറ്റർമാരും കാര്യങ്ങൾ പറഞ്ഞ് മാനസിലാക്കിയപ്പോഴാണ് ആശ്വാസം ലഭിച്ചതെന്നും ഭർത്താവ് പറയുന്നു. 

അമ്മയും കുഞ്ഞും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്നും കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും പ്രസവം നടത്തിയ ഡോക്ടർ അറിയിച്ചു.