വര്‍ഗീയ വൈറസുകള്‍ പടരുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ തമാശയ്ക്ക് പോലും സമൂഹത്തിലേക്ക് പടര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവും. അത്തരം പ്രവര്‍ത്തികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇത്.

ബോംബൈ: കൊറോണ വൈറസിനൊപ്പം പടരുന്ന വര്‍ഗീയ വൈറസിനെതിരെ മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കൊവിഡ് 19 പോലെ തന്നെയാണ് വര്‍ഗായ വൈറസും. വര്‍ഗീയ വൈറസുകള്‍ പടരുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ തമാശയ്ക്ക് പോലും സമൂഹത്തിലേക്ക് പടര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവും. അത്തരം പ്രവര്‍ത്തികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇത്. കൊവിഡ് 19 വൈറസ് ബാധിക്കുന്നതില്‍ ജാതി മത ഭേദമില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. 

ദില്ലിയിലെ നിസാമുദീന്‍ മര്‍കസിലെ തബ് ലിഗ് ജമാത്ത് സമ്മേളനത്തില്‍ ഭാഗമായ നിരവധിപ്പേരില്‍ രാജ്യ വ്യാപകമായി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ തബ്ലീഗ് ജമാത്ത്, മുസ്ലിം സമുദായത്തേയും കൊവിഡ് 19നുമായി ബന്ധിപ്പിച്ച് വര്‍ഗീയത വമിക്കുന്ന നിരവധി സന്ദേശങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് ഉദ്ധവ് താക്കറെയുടെ മുന്നറിയിപ്പ്. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 5000 പേരില്‍ 400 പേരില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ സമ്മേളനം നടത്താന്‍ മഹാരാഷ്ട്രയിലും അനുമതി നല്‍കിയിരുന്നതാണ്. എന്നാല്‍ മാറിയ സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചതെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു. 

നേരത്തെ ക്വാറൈന്‍റൈനിലിരിക്കെ ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ വെടിവച്ച് കൊല്ലണമെന്ന് എംഎന്‍എസ് നേതാവ് രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാര്‍ക്ക് ചികിത്സ നല്‍കുന്നതിന്‍റെ ആവശ്യമെന്താണെന്ന് രാജ് താക്കറെ ചോദിച്ചിരുന്നു. പ്രത്യേക വിഭാഗത്തെ സൃഷ്ടിക്കാനാണ് അവരുടെ ശ്രമങ്ങള്‍. അവരുടെ ചികില്‍സ നിര്‍ത്തിവയ്ക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു.