നിരവധി ഹേട്ടലുകളും കച്ചവട സ്ഥാപനങ്ങളുമാണ് താജ്മഹലിലെത്തുന്ന വിനോദസഞ്ചാരികളെ മുന്നില്‍കണ്ട് ആഗ്രയില്‍ പ്രവര്‍ത്തിക്കുന്നത്...

ആഗ്ര: കൊറോണ വൈറസ് ബാധ രാജ്യതലസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്തതോടെ വിനോദസഞ്ചാര മേഖലയും നഷ്ടം നേരിടുകയാണ്. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി ലക്ഷക്കണക്കിന് ആളുകളാണ് ഉത്തര്‍പ്രദേശിലെ ആഗ്രയിലെ താജ്മഹല്‍ കാണാനെത്തുന്നത്. ആഗ്രയില്‍നിന്നുള്ള ആറ് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം ഇന്ന് വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. 

ഇതുവരെ 28 പേര്‍ക്കാണ് രാജ്യത്ത് കോവിഡ്19 വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ 14 പേര്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യയിലെത്തിയ ഇറ്റാലിയന്‍ വംശജര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ഇന്ത്യന്‍ വംശജനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും താജ്മഹല്‍ കാണാന്‍ എത്തുന്നുണ്ട്. ചിലര്‍ മുഖം മറച്ചും മറ്റുചിലര്‍ യാതൊരു വിധ മുന്‍കരുതലും എടുക്കാതെയുമാണ് എത്തുന്നത്. 

നിരവധി ഹേട്ടലുകളും കച്ചവട സ്ഥാപനങ്ങളുമാണ് താജ്മഹലിലെത്തുന്ന വിനോദസഞ്ചാരികളെ മുന്നില്‍കണ്ട് ആഗ്രയില്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റും കുടുംബവും താജ്മഹല്‍ സന്ദര്‍ശിച്ചത് വഴി വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകേണ്ടതാണ്. എന്നാല്‍ തങ്ങളുടെ 600 ബുക്കിംഗുകളാണ് റദ്ദാക്കിയതെന്ന് പ്രമുഖ ഹോട്ടല്‍ സംരംഭകരായ ജെ പി ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് വൈസ് പ്രസിഡന്‍റ് ഹരികുമാര്‍ പറഞ്ഞു. 

കേരളത്തില്‍ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അവര്‍ക്ക് പൂര്‍ണമായി രോഗം ഭേദമായി. രാജ്യതലസ്ഥാനത്താണ് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചത്. രോഗികള്‍ ഐസൊലേഷന്‍ ക്യാമ്പില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശങ്ക വേണ്ടെന്നും ഉന്നതതല യോഗത്തിന് ശേഷം കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. 

ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ട് ഇന്ത്യക്കാരെയും ഒരു ഇറ്റാലിയന്‍സ്വദേശിയും ചികിത്സയിലാണ്. രോഗ ബാധിതനായ ദില്ലി സ്വദേശിക്കൊപ്പം യാത്ര ചെയ്ത ആഗ്രയിലെ ആറ് ബന്ധുക്കളും ദില്ലി സഫ്ദര്‍ ജങ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ദില്ലി സ്വദേശിയുടെ മകള്‍ പഠിക്കുന്ന നോയിഡയിലെ സ്കൂളില്‍ നിന്നു നിരീക്ഷണത്തിലെടുത്ത 46 പേരില്‍ ആറുപേര്‍ക്ക് രോഗബാധയില്ലെന്ന് കണ്ടെത്തി. എങ്കിലും പതിനാല് ദിവസം വീടുകളില്‍ നിരീക്ഷണം തുടരും. 

ഹൈദരാബാദിലെ കോവിഡ് ബാധിതനപ്പം ബസില്‍ യാത്രചെയ്ത 27 പേരും നിരീക്ഷണത്തിലുണ്ട്. ചൈന, ഇറ്റലി, ഇറാന്‍ കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര പൂര്‍ണമായി ഒഴിവാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കഴിയുമെങ്കില്‍ മറ്റു രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. വിദേശത്തുനിന്നെത്തുന്നവര്‍ എവിടെയെല്ലാം സഞ്ചരിച്ചെന്ന് വിമാനത്താവളത്തില്‍ സാക്ഷ്യപത്രം നല്‍കണം.