ദില്ലി: നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത വിവരം മറച്ചുവച്ച കൗൺസലർക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്. ഇദ്ദേഹത്തിനും ഭാര്യയ്ക്കും മകൾക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പൊലീസ് കൂടുതൽ അന്വേഷണം നടത്തിയത്. രാജ്യത്തെ കൊറോണ വൈറസ് ഹോട്ട് സ്പോട്ടുകളിൽ ഒന്നാം സ്ഥാനമാണ് മർകസ് നിസാമുദ്ദീൻ. ഇയാളുടെ നിരുത്തരവാദപരമായ പ്രവർത്തി മൂലം ദീൻപൂർ ​​ഗ്രാമത്തെ കണ്ടൈൻമെന്റ് ഏരിയയായി പ്രഖ്യാപിച്ചു എന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇവിടം സീൽ ചെയ്യുകയും ജനങ്ങളോട് യാത്ര ചെയ്യരുതെന്ന് കർശനമായി വിലക്കുകയും ചെയ്തിട്ടുണ്ട്. ഇവർ മൂവരെയും അംബേദ്കർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. 

നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവർ അക്കാര്യം ആരോ​ഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇയാൾ ഇക്കാര്യം അധികൃതരിൽ നിന്ന് മറച്ചു വച്ചു. പിന്നീട് കൊവിഡ് 19 ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും പരിശോധനയ്ക്ക് വിധേയനാകുകയും ചെയ്യുകയായിരുന്നു. ആദ്യം രോ​ഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും പിന്നീട് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് തബ്‍ലീ​ഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു എന്ന് അറിയാൻ കഴിഞ്ഞതായും പൊലീസ് പറഞ്ഞു. ഇക്കാര്യം അദ്ദേഹം ആവർത്തിച്ച് നിഷേധിക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. 

ദീൻപൂർ ​ഗ്രാമത്തിൽ 250 ലധികം വീടുകളാണുള്ളത്. ​ഗ്രാമം സീൽ ചെയ്ത് എല്ലാവരോടും വീടിനുള്ളിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിരിക്കുകയാണ്. അവശ്യസാധനങ്ങൾക്ക് സർക്കാർ ഏജൻസികളുടെ സഹായം ലഭ്യമാകും. 12 മരണങ്ങളടക്കം 720 പേരാണ് ദില്ലിയിൽ കൊവിഡ് 19 ബാധിതരായിട്ടുള്ളത്. പോസിറ്റീവ് കേസുകളിൽ 60 ശതമാനവും നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.